Pages

Tuesday, July 12, 2011

എല്ലാവരും കള്ളന്മാരായ നാട്ടില്‍

എല്ലാവരും കള്ളന്മാരായ നാട്ടില്‍ ആരും ആരെയും വിശ്വസിക്കില്ല.കേരളസമൂഹം രാഷ്ട്രീയമായി ഇപ്പോള്‍ ആ ഒരവസ്ഥയിലാണ്. ആശയങ്ങളും നിലപാടുകളും നല്‍കുന്ന സ്വാതന്ത്യ്രത്തെ ഉപേക്ഷിച്ച് വ്യക്തിഗതനേട്ടങ്ങളെ ലക്ഷ്യമാക്കിയുള്ള അടവുകളും തന്ത്രങ്ങളും ഉപായങ്ങളും പരിശീലിക്കലായിരിക്കുന്നു നമ്മുടെ ആദര്‍ശം.അവനവനെ തന്നെ തടവറയാക്കിക്കൊണ്ടുള്ള നിലനില്‍പായിരിക്കുന്നു ഇവിടത്തെ നാട്ടുനടപ്പ്.ഒരു ജനത എന്ന നിലയില്‍ നാം ഇങ്ങനെയായിത്തീര്‍ന്നത് ഏതൊക്കെ വഴികളിലൂടെയാണെന്ന അന്വേഷണത്തില്‍ 99.9 ശതമാനം ആളുകള്‍ക്കും യാതൊരു താല്പര്യവുമുണ്ടാവില്ല.ഒരു ശരാശരി മലയാളിയുടെ അന്നന്നത്തെ ജീവിതാവശ്യങ്ങള്‍(ബഹുഭൂരിപക്ഷം പുരുഷ•ാരുടെയും കാര്യത്തില്‍ ഇതില്‍ മദ്യവും ഉള്‍പ്പെടും) തൃപ്തികരമായി നിറവേറ്റാനുള്ള പണം എങ്ങനെയെങ്കിലും ഉണ്ടാക്കിയെടുക്കാനുള്ള വെപ്രാളത്തിലാണ് ജനങ്ങളില്‍ വലിയൊരു വിഭാഗവും.അവശേഷിക്കുന്നവരില്‍ ഒരു വിഭാഗം അടുത്ത തലമുറയുടെ ഭാവി സുശോഭനമാക്കുന്നതിനുള്ള നീക്കങ്ങളിലും നിക്ഷേപങ്ങളിലും സായൂജ്യമടയുന്നു.പിന്നെയുള്ളവര്‍ പണം കൊണ്ടുള്ള നാനാതരം അഭ്യാസങ്ങള്‍ക്കും ശരീരത്തിന്റെ ആഘോഷങ്ങള്‍ക്കും വേണ്ടിയുള്ളതാണ് ജീവിതം എന്ന തീര്‍പ്പില്‍ പറന്നുനടക്കുന്നു.ഇപ്പറഞ്ഞവര്‍ ആരും തന്നെ സമൂഹത്തിന് എന്തെങ്കിലും സംഭവിക്കുന്നതിനെ കുറിച്ചോ തങ്ങളുടെ ആന്തരികജീവിതത്തിന് എന്തെങ്കിലും നഷ്ടമാവുന്നതിനെ കുറിച്ചോ വേവലാതിപ്പെടുന്നവരല്ല. അത്തരത്തിലുള്ള വിചാരങ്ങളെത്തന്നെ മനസ്സിനു സംഭവിക്കുന്ന താളപ്പിഴയുടെ ലക്ഷണമായേ അവര്‍ക്ക് മനസ്സിലാക്കാനാവൂ.
പ്രായോഗികത മുഖ്യപരിഗണനയായി വരുന്ന സമൂഹത്തില്‍ ആശയങ്ങളും ആദര്‍ശങ്ങളുമെല്ലാം അരക്ഷിതമായിത്തീരും.സ്വാതന്ത്രാനന്തര ഘട്ടത്തില്‍ പതുക്കെപ്പതുക്കെ ആ ഒരവസ്ഥയിലാണ് നാം എത്തിച്ചേര്‍ന്നത്.ഇന്ത്യയില്‍ എല്ലായിടത്തും സാമൂഹ്യപരിണാമത്തിന്റെ ദിശ ഇതുതന്നെയാണ്.അഴിമതി രാജ്യത്തെവിടെയും രാഷ്ട്രീയപ്രവര്‍ത്തനത്തിന്റെ പര്യായമായിത്തീര്‍ന്നത് അതുകൊണ്ടാണ്.
രാഷ്ട്രീയകക്ഷികള്‍ പൊതു സമൂഹത്തിലെ ഏറ്റവും വലിയ ശക്തികേന്ദ്രങ്ങളായി നിലകൊള്ളുകയും ജനങ്ങള്‍ പൊതുവേ അവരെ ഭയപ്പെടുകയും പല ആവശ്യങ്ങള്‍ക്കും അവരെ ആശ്രയിക്കുകയും ചെയ്യുന്ന പ്രദേശമാണ് കേരളം.അധികാരം പ്രയോഗിക്കുന്നതിലും നാനാ തരത്തിലുള്ള സാമ്പത്തികവ്യവഹാരങ്ങളില്‍ ഏര്‍പ്പെട്ട് കൊഴുക്കുന്നതിലുമല്ലാതെ ജനതയെ ദര്‍ശനത്തിന്റെയും സംസ്കാരത്തിന്റെയും തലത്തില്‍ മുന്നോട്ട് കൊണ്ടുപോകുന്നതില്‍ അണുമാത്രമായ താല്പര്യം പോലും ഇല്ലാത്തവരാണ് രാഷ്ട്രീയകക്ഷികള്‍.ജാതിയുടെ താത്വികാടിത്തറ നവോത്ഥാനപ്രസ്ഥാനങ്ങളൂടെയും ദേശീയപ്രസ്ഥാനത്തിന്റെയും കമ്യൂണിസ്റ് പ്രസ്ഥാനത്തിന്റെയും യുക്തിവാദപ്രസ്ഥാനത്തിന്റെയുമെല്ലാം പ്രവര്‍ത്തനഫലമായി സമൂഹമനസ്സില്‍ അരക്ഷിതമായിത്തീര്‍ന്ന കേരളത്തില്‍ കക്ഷിരാഷ്ട്രീയം പുതിയൊരു ജാതിവ്യവസ്ഥ പോലെ ശക്തിപ്പെട്ട് സാമൂഹ്യജീവിതത്തിലെ പ്രബലഘടകമായിത്തീരുകയാണുണ്ടായത്.അര നൂറ്റാണ്ടിലധികം കാലമായി ആ സ്ഥിതി മാറ്റമില്ലാതെ തുടരുന്നു.രാഷ്ട്രീയ കക്ഷികള്‍ അവരുടെ,പലപ്പോഴും അവരുടെ നേതാക്കളില്‍ ഒരു വിഭാഗത്തിന്റെ, താല്പര്യങ്ങള്‍ സംരക്ഷിക്കുന്നതിനായി പാകം ചെയ്തെടുക്കുന്ന ജീവിതധാരണകളും നിലപാടുകളുമാണ് മലയാളികളുടെ മുഖ്യമായ ആശയാഹാരം.അതല്ലാതെ സ്വന്തമായി എന്തെങ്കിലുമൊന്ന് ഉണ്ടാക്കിക്കഴിക്കുന്ന ശീലം അവരുടെ ആന്തരികജീവിതത്തിന് മിക്കവാറും അന്യമാണ്.എഴുത്തുകാര്‍ക്കും കലാരംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ക്കും വ്യക്തികളെന്ന നിലയില്‍ സ്വന്തം രചനകളിലൂടെ തന്നെ ഈ അടിമത്വത്തില്‍ നിന്ന് വലിയൊരു പരിധി വരെ രക്ഷപ്പെടാം.പക്ഷേ,പൊതുസമൂഹം രക്ഷപ്പെടണമെങ്കില്‍ രാഷ്ട്രീയകക്ഷികള്‍ക്കുള്ളില്‍ തന്നെ വലിയ തോതിലുള്ള ആശയസംഘര്‍ഷങ്ങള്‍ രൂപം കൊള്ളണം.മുസ്ളീംലീഗ് ഉള്‍പ്പെടെ കേരളത്തിലെ എല്ലാ മുഖ്യരാഷ്ട്രീയപ്പാര്‍ട്ടികളിലും നിലപാടുകളുടെ അടിസ്ഥാനത്തിലുള്ള ചേരിതിരിവുകള്‍ ഉണ്ടാവണം.ഐകകണ്ഠ്യേന എന്ന് പാര്‍ട്ടി കൈക്കൊള്ളുന്ന ഒരു തീരുമാനത്തെ കുറിച്ചും പറയാന്‍ പറ്റാത്ത അവസ്ഥ എല്ലാ രാഷ്ട്രീയപ്പാര്‍ട്ടികളിലും ഉണ്ടാവണം.ആശയങ്ങളും നിലപാടുകളും തമ്മിലുള്ള മത്സരത്തെ അസാധ്യമാക്കുന്ന അധികാരക്കുത്തകകള്‍ ഇന്നത്തെ സാഹചര്യത്തില്‍ ഒരു പാര്‍ട്ടിക്കും ആവശ്യമില്ല.അവ അശ്ളീലമാണ്.
(മാതൃകാന്വേഷി ജൂലൈ 2011)

1 comment:

  1. സാറിന്റെ മീനുകള്‍ക്ക് ഇടക്കൊക്കെ വന്ന് ഞാന്‍ തീറ്റ കൊടുക്കാറുണ്ട്.

    ReplyDelete