Pages

Thursday, November 24, 2011

നിരാശ

ഹോ!
ഞാനൊരു പാപിയായിപ്പോയി
കഷ്ടം!
എത്രപേരെ കല്ലെറിയാമായിരുന്നു.
(ഇന്ന് മാസിക,2011 നവംബര്‍)

Wednesday, November 23, 2011

ഹൃദയരഹസ്യം

ഹൃദ്രോഗവിദഗ്ധന്റെ മുറിക്കുമുന്നില്‍
നെഞ്ചിടിപ്പോരോന്നോരോന്നുമെണ്ണി
എത്രയോ മണിക്കൂറായുള്ള കാത്തുനില്പ്
നേരം വൈകിയ നേരത്ത്
ഈ നാശം പിടിച്ച ഹൃദയം
ഇനി എന്തൊക്കെ രഹസ്യങ്ങളാവും
അദ്ദേഹത്തോട്പറയുക
മിടിച്ചുമിടിച്ച് മടുത്തിരിക്കുന്നുവെന്നോ
അങ്ങിങ്ങ് അഴുക്ക് കട്ടപിടിച്ചിരിക്കുന്നുവെന്നോ
ഒരു പാട് പേര്‍ കയറിയിറങ്ങി
ഒരു പുരാതനസത്രം പോലെ
നാനാവിധമായിരിക്കുന്നുവെന്നോ
ഒന്നു രോമാഞ്ചമണിഞ്ഞ കാലം
എന്നോ മറന്നുപോയെന്നോ
എന്തെന്തൊക്കെ പറഞ്ഞാലും
ഒന്നുമാത്രം അത് പറയാതെ വെക്കും
ഇപ്പോള്‍ താങ്കള്‍ കേട്ടുകൊണ്ടിരിക്കുന്നത്
ശൂന്യതയുടെ പിറുപിറുപ്പുകള്‍ മാത്രമാണെന്ന
ആ പരമമായ രഹസ്യം.

എന്റെ വായന

ആറാം ക്ളാസ് കഴിഞ്ഞുള്ള അവധിക്കാലം മുതല്‍ പ്രീഡിഗ്രിക്ക് കോളേജില്‍ ചേരുന്നതു വരെയുള്ള നാല് വര്‍ഷക്കാലത്തിനിടയിലാണ് ഞാന്‍ ഏറ്റവുമധികം പുസ്തകങ്ങള്‍ വായിച്ചത്.മിക്കവാറും ഓരോ ദിവസവും ഓരോ പുതിയ പുസ്തകം.ഒഴിവുദിവസങ്ങളില്‍ ഈരണ്ടു പുസ്തകം. ഈയൊരളവിലായിരുന്നു അക്കാലത്തെ വായന.പുസ്തകങ്ങളുടെ തിരഞ്ഞെടുപ്പിന് പ്രത്യേക മാനദണ്ഡമൊന്നും സ്വീകരിച്ചിരുന്നില്ല.ഇന്ന് 'സ്ഥലത്തെ പ്രധാനദിവ്യ'നെങ്കില്‍ നാളെ 'പദ്യസാഹിത്യചരിത്രം',മറ്റന്നാള്‍ 'അണുബോംബ് വീണപ്പോള്‍' എന്ന പരിഭാഷാപുസ്തകം,അതിനടുത്ത ദിവസം 'ആരോഗ്യനികേതനം' അല്ലെങ്കില്‍ 'ചണ്ഡാലഭിക്ഷുകി'.ആര്‍ത്തി പിടിച്ച ആ വായന പത്താം ക്ളാസ് കഴിയുമ്പോഴേക്കും എന്റെ ആന്തരികജീവിതത്തിന് നല്ല ആഴവും പരപ്പും ഉണ്ടാക്കിത്തന്നിരുന്നു എന്നാണ് തോന്നല്‍.പക്ഷേ,അതിന് ശരിയായ ഒരു തുടര്‍ച്ചയുണ്ടായില്ല.അത്രയും ആസക്തിയോടും സമര്‍പ്പണബുദ്ധിയോടും കൂടിയ വായന പിന്നെ നാല് പതിറ്റാണ്ടു കാലത്തേക്ക് സാധ്യമായില്ല.
കോളേജില്‍ കയറിയതോടെ എന്റെ വായന വല്ലാതെ കുറഞ്ഞു.പിന്നീട് അധ്യാപകനായതിനു ശേഷവും അതിന് വേണ്ടത്ര ഗതിവേഗം വന്നില്ല.നിയമപ്രകാരം ജോലിയില്‍ നിന്ന് വിരമിക്കേണ്ടതിന് കുറച്ചുമുമ്പേ സ്വമേധയാ അധ്യാപകജോലി ഉപേക്ഷിച്ച് നാലഞ്ച് മാസം കഴിഞ്ഞ് മനസ്സ് ശുദ്ധവും ശാന്തവുമായപ്പോഴാണ് വായനക്ക് പഴയ ആര്‍ജവം വീണ്ടുകിട്ടിയത്.ഇപ്പോള്‍ പുതിയ ഒരു പുസ്തകത്തിന്റെയെങ്കിലും ഏതാനും പേജുകള്‍ മറിക്കാതെ ഒറ്റ ദിവസം പോലും കടന്നുപോവില്ലെന്നായിരിക്കുന്നു.സ്കൂള്‍ജീവിതകാലത്തെ അതേ ആവേശം പത്തുനാല്പത് വര്‍ഷം കഴിഞ്ഞ് തിരിയെ കിട്ടിയിരിക്കുന്നു.
ഏതെങ്കിലും ഒരു സാഹിത്യരൂപത്തിലോ വൈജ്ഞാനിക ഗണത്തിലോ ഒതുങ്ങി നില്‍ക്കുന്നതല്ല എന്റെ വായന.വ്യത്യസ്തമേഖലകളില്‍ നിന്നുള്ള ഒരു പാട് പുസ്തകങ്ങള്‍ ഒരേ സമയം ചുറ്റിലും വേണം.എങ്കിലേ അവയില്‍ നിന്ന് ഒരെണ്ണം കയ്യിലെടുത്ത് മനസ്സമാധാനത്തോടെ വായിച്ചുതുടങ്ങാന്‍ പറ്റൂ.അത് പൂര്‍ത്തിയാക്കിയതിനു ശേഷമേ മറ്റൊന്നിലേക്ക് കടക്കൂ എന്നില്ല.ഒരു ദിവസത്തിനുള്ളില്‍ തന്നെ മിക്കവാറും രണ്ടുമൂന്ന് പുസ്തകങ്ങളിലേക്ക് വായന ചെന്നെത്തുകയാണ് പതിവ്.കുമാരനാശാന്റെ ഒരു സ്തോത്രകൃതി കഴിഞ്ഞ് റോബര്‍ട്ടോ ബൊളാനോവിന്റെ കവിത,പിന്നെ ടാഗോര്‍ കൃതികളുടെ സമാഹാരത്തില്‍ നിന്ന് ഒരു ലേഖനം, ഈ മട്ടിലാണ് വായനയുടെ പോക്ക്.അതിനിടയില്‍ ആനുകാലികങ്ങളുടെ വായനയും മുടക്കം കൂടാതെ നടക്കുന്നു.
ഏത് രൂപത്തിലുള്ള എഴുത്തിലായാലും എഴുതുന്ന ആളും എഴുത്തും തമ്മിലുള്ള ആത്മബന്ധത്തിന്റെ അകൃത്രിമത്വം വളരെ പ്രധാനമാണെന്ന് ഞാന്‍ കരുതുന്നു.ഭാഷയുടെയോ ഘടനയുടെയോ ആശയത്തിന്റെയോ തലത്തിലുള്ള മേനിനടിപ്പ് എന്നെ വളരെ വേഗം കൃതിയില്‍ നിന്ന് അകറ്റിക്കളയും.അമോസ് ടുട്വോളയുടെ 'കള്ളുകുടിയനി'ലേതുപോലുള്ള ശുദ്ധമായ ഭ്രമാത്കത എനിക്കിഷ്ടമാണ്.പക്ഷേ,വെറുതെ കൌതുകം ജനിപ്പിക്കാനോ യഥാര്‍ത്ഥത്തില്‍ ഇല്ലാത്ത പുതുമയും ഗൌരവം കൃതിക്ക് ഉണ്ടാക്കാനോ ആയി ആഖ്യാനത്തെ വക്രീകരിക്കുന്ന രീതി വായനയില്‍ നിന്ന് പിന്തിരിയാന്‍ എന്നെ പ്രേരിപ്പിക്കും.അനാവശ്യം എന്ന് എനിക്ക് തോന്നിപ്പോവുന്ന വിശദാംശങ്ങളുടെ പെരുപ്പം,വിവരണങ്ങളിലെ ആഴക്കുറവ്,ദര്‍ശനത്തിന്റെ തലത്തില്‍ കൃതി അനുഭവപ്പെടുത്തുന്ന ഉപരിപ്ളവത ഇവയെയൊന്നും ഒരു ചെറിയ പരിധിക്കപ്പുറം സഹിച്ചുകൊടുക്കാന്‍ എനിക്ക് കഴിയാറില്ല.ആത്മീയാന്വേഷണങ്ങളുടെ ഗണത്തില്‍ പെടുന്ന കൃതികളില്‍ സാധാരണയിലും കവിഞ്ഞ ഭ്രമം പുലര്‍ത്തുന്നയാളാണ് ഞാന്‍.വളരെ നേരത്തേ തന്നെ ഈയൊരു താല്പര്യം എനിക്കുണ്ടായിരുന്നു.അത്തരം കൃതികളില്‍ മനുഷ്യജീവിതത്തിലെ ഭൌതിക പ്രശ്നങ്ങള്‍ക്കുള്ള ഉത്തരങ്ങള്‍ ഞാന്‍ അന്വേഷിക്കാറില്ല.പക്ഷേ,സാധാരണ മനുഷ്യരെ അഭിസംബോധന ചെയ്യുന്നതായി ഭാവിക്കുകയും എന്നാല്‍ അവരുടെ ദൈനംദിനജീവിതത്തിലെ സര്‍വസാധാരണമായ പ്രതിസന്ധികളെ കുറിച്ച് അജ്ഞത ഭാവിച്ച് വെറുതെ വാചാലമാവുകയും ചെയ്യുന്ന ഒരു കൃതി എനിക്ക് അസഹനീയമായിത്തന്നെ അനുഭവപ്പെടും.വാചാലതയും രൂപകാത്മപ്രയോഗങ്ങളുടെ ആധിക്യവും ആത്മീയ രചനകളുടെ പൊള്ളത്തരത്തിനും കള്ളത്തരത്തിനുമുള്ള പിഴക്കാത്ത തെളിവാണെന്ന് ഞാന്‍ കരുതുന്നു.
ഒരു പുസ്തകം എന്നെ ആഴത്തില്‍ സ്പര്‍ശിക്കണമെങ്കില്‍ ഒന്നുകില്‍ അതിന്റെ ഉള്ളടക്കം എന്റെ ഉള്ളില്‍ തീക്ഷ്ണമായി പ്രവര്‍ത്തിച്ചു കൊണ്ടിരിക്കുന്ന താല്പര്യങ്ങളെയോ ജിജ്ഞാസകളെയോ അഭിസംബോധന ചെയ്യുന്നതായിരിക്കണം.(ഓരോ കാലത്തും അവ ഓരോന്നായിരിക്കും.)അല്ലെങ്കില്‍ അതിലെ ഏതെങ്കിലും സന്ദര്‍ഭങ്ങളോടോ മനോനിലകളോടോ അപൂര്‍ണമായെങ്കിലും ചാര്‍ച്ച പുലര്‍ത്തുന്ന എന്തെങ്കിലുമൊക്കെ എന്റെ ജീവിതത്തിലും എപ്പോഴെങ്കിലുമായി ഉണ്ടായിട്ടുണ്ടാവണം.ഈ രണ്ട് സംഗതികളും മുന്നുപാധികളായി വെച്ചുകൊണ്ടല്ല വായന തുടങ്ങുന്നത്.വായനക്കിടയില്‍ അവ ഏറ്റവും സ്വാഭാവികമായി അനുഭവവേദ്യമാവും.അത്ര തന്നെ.അങ്ങനെ സംഭവിക്കാത്ത കൃതികള്‍ക്ക് സാഹിതീയമോ വൈജ്ഞാനികമോ ആയ എന്തൊക്കെ മികവുകളുണ്ടായാലും അവയൊന്നും എന്റെ ആസ്വാദനത്തെയും മൂല്യനിര്‍ണയനത്തെയും അനുകൂലമായി സ്വാധീനിക്കാറില്ല.
കഴിഞ്ഞ രണ്ടു മൂന്നു വര്‍ഷത്തിനുള്ളില്‍ ഞാന്‍ വായിച്ച കൃതികളില്‍ എന്നെ ഏറ്റവും അഗാധമായി സ്പര്‍ശിച്ച ഒന്ന് ഫെര്‍നാണ്‍ഡോ പെസ്സാഓവിന്റെ 'The Book of Disquiet' ആണ്.സര്‍ഗാത്മകതയുമായി ബന്ധപ്പെടുന്ന ആത്മരഹസ്യങ്ങളുടെ ഈ സമാഹാരത്തെ ലോകത്തെവിടെയുമുള്ള എഴുത്തുകാര്‍ നെഞ്ചോട് ചേര്‍ത്തുവെക്കുക തന്നെ ചെയ്യും.അലക്സാണ്ടര്‍ കോള്‍മാന്‍ എഡിറ്റ് ചെയ്ത ബോര്‍ഹസ്സിന്റെ തിരഞ്ഞെടുത്ത കവിതകളാണ് ഈ കാലയളവില്‍ വായിച്ച ഏറ്റവും ബ്രഹത്തും ഗംഭീരവുമായ കവിതാപുസ്തകം.ബൊളാനോയുടെ The Romantic Dogs ഉം ജീബാനന്ദദാസിന്റെ തിരഞ്ഞെടുത്ത കവിതകളുടെ സമാഹാരവും(പ്രസാധകര്‍: പെന്‍ഗ്വിന്‍) വലിയ താല്പര്യത്തോടെ വായിക്കാന്‍ കഴിഞ്ഞ പുസ്തകങ്ങളാണ്.പ്രശസ്തരായ പല വിദേശ എഴുത്തുകാരുടെയും നോവലുകള്‍ പിന്നിട്ട രണ്ട് വര്‍ഷത്തിനിടയില്‍ വായിച്ചിട്ടുണ്ട്.പലതും മികച്ച വായനാനുഭവങ്ങള്‍ തന്നെയായിരുന്നു.എന്നാല്‍ കുടകുകാരിയായ സരിതാ മന്തണ്ണയുടെ Tiger Hills തന്ന അനുഭവം വളരെ വ്യത്യസ്തമായ ഒന്നാണ്.Tiger Hills ലൈ എഴുത്ത് പഴയ മട്ടിലുള്ളതാണ്.ഒരു കുടുംബകഥയുടെ നേര്‍രേഖീയമായ പറച്ചില്‍. ഭാഷയുടെയും ദര്‍ശനത്തിന്റെയും തലങ്ങളില്‍ ഔന്നത്യമൊന്നും അവകാശപ്പെടാനില്ല.എങ്കിലും ഈ വലിയ ജീവിതകഥയിലെ അനുഭവചിത്രീകരണങ്ങളില്‍ പലതും വല്ലാത്ത നെഞ്ചിടിപ്പോടെയാണ് ഞാന്‍ വായിച്ചത്.നോവലിലെ പ്രധാന കഥാപാത്രങ്ങളുടെ മനോലോകങ്ങളുടെയും അവര്‍ കടന്നുപോവുന്ന ദുരന്തങ്ങളുടെയും ആവിഷ്ക്കാരത്തില്‍ എഴുത്തുകാരി കാണിച്ചിരിക്കുന്ന സരളമായ ആര്‍ജ്ജവം തിളങ്ങുന്ന അനേകം മുഹൂര്‍ത്തങ്ങള്‍ തീര്‍ത്തിട്ടുണ്ട് ഈ കൃതിയില്‍.കുടക് പശ്ചാത്തലമായി ഇംഗ്ളീഷില്‍ എഴുതപ്പെട്ട രണ്ടാമത്തെ നോവലാണിത്.ആദ്യത്തേത് കാവേരി നമ്പീശന്റെ The Scent of Pepper . വളരെ കുറച്ച് വൈജ്ഞാനികകൃതികളേ സമീപകാലത്തായി വായിച്ചിട്ടുള്ളൂ.അവയില്‍ ഏറ്റവും ശ്രദ്ധേയമായി തോന്നിയത് വിളയന്നൂര്‍ എസ്.രാമചന്ദ്രന്റെ The emerging mind ആണ്.സര്‍ഗാത്മകതയുടെ മസ്തിഷ്കപ്രേരണകളെയും കാരണങ്ങളെയും അന്വേഷിക്കുന്ന ഈ കൃതിയുടെ വായന ഓജസ്സും പ്രസാദവും നിറഞ്ഞ അനുഭവം തന്നെയായിരുന്നു.
വായനയില്‍ വന്ന വിദേശഭാഷാ കൃതികളെ കുറിച്ചു മാത്രമാണ് ഇത്രയും പറഞ്ഞത്. ഞാന്‍ കൂടുതല്‍ വായിക്കുന്നത് തീര്‍ച്ചയായും മലയാളകൃതികള്‍ തന്നെയാണ്.നമ്മുടെ കഥകളും നോവലുകളും കവിതകളും വൈദേശികകൃതികളോളം നിലവാരമില്ലാത്തവയാണെന്നോ ഇവിടുത്തെ എഴുത്തുകാര്‍ താരതമ്യേന കുറഞ്ഞ സര്‍ഗാത്മകതയുള്ളവരാണെന്നോ ഞാന്‍ കരുതുന്നില്ല.എന്നാല്‍ നമ്മുടേത് ഇപ്പോഴും പല തലങ്ങളിലും അടഞ്ഞുകിടക്കുന്ന ഒരു സമൂഹമാണ്.അനുഭവങ്ങളുടെ തുറന്നെഴുത്തിന് സര്‍ഗാത്മകസൌന്ദര്യവും ഗാംഭീര്യവും കൈവരുന്ന ഒരു എഴുത്തുരീതി ഇനിയും ഇവിടെ വികസിച്ചുവന്നിട്ടില്ല.മനുഷ്യന്റെ ഏറ്റവും പ്രാഥമികമായ അനുഭവങ്ങളുടെ ആവിഷ്ക്കാരം അശ്ളീലമോ അസുന്ദരമോ ആയി അനുഭവപ്പെടുന്ന ഒരു ഭാഷാസാംസ്കാരിക പരിസരത്താണ് നമ്മുടെ എഴുത്ത് നിലനില്‍ക്കുന്നത്. പുറമെ ഒരുപാട് മാറ്റങ്ങള്‍ സംഭവിക്കുമ്പോഴും അകമേ ആവര്‍ത്തനസ്വഭാവമുള്ള അനുഭവങ്ങളുടെ ഉന്മേഷരഹിതമായൊരു പരമ്പരയാണ് ഇന്നാട്ടിലെ സാധാരണ ജനജീവിതം.എഴുത്തുകാരുടെയും ചിന്തകന്മാരുടെയും ജീവിതവും വളരെയൊന്നും വ്യത്യസ്തമല്ല.ഇതുകൊണ്ടു തന്നെ മലയാളത്തിലെ ബഹുഭൂരിപക്ഷം സാഹിത്യരചനകള്‍ക്കും പല തലങ്ങളിലും ഒരു തരം തെളിച്ചക്കുറവും ചലനശേഷിയില്ലായ്കയും ആഴമില്ലായ്മയുമെല്ലാം വന്നുപോവുന്നുണ്ട്.വളരെ മൌലികവും വിപ്ളവകരവും ഉത്തരവാദിത്വപൂര്‍ണവുമായ പരീക്ഷണങ്ങള്‍ക്കു വേണ്ടി അതിയായി ദാഹിച്ചുകൊണ്ടിരിക്കുന്നുണ്ട് നമ്മുടെ സാഹിത്യം എന്ന തോന്നല്‍ ഓരോ ദിവസം കഴിയുന്തോറും എന്നില്‍ കൂടുതല്‍ കൂടുതല്‍ ശക്തിപ്പെട്ടുവരുന്നുണ്ട്.

(മാതൃകാന്വേഷി മാസിക(ചെന്നൈ),നവംബര്‍ 2011)

Sunday, November 20, 2011

അല്‍പപ്രാണന്‍

വലിയ വാക്കുകള്‍
ഉരുള്‍പൊട്ടലിലെ പാറക്കല്ലുകള്‍ പോലെ
വന്നുവീണാല്‍
ദൈവമേ,എന്റെ കവിത ചതഞ്ഞരഞ്ഞ്
ചത്തുപോകും
ചെറിയ മനുഷ്യര്‍ക്കൊപ്പം
അവരുടെ അറിവുകേടുകള്‍ക്കൊപ്പം
അരിഷ്ടിച്ചരിഷ്ടിച്ചു വളര്‍ന്ന
അല്‍പപ്രാണനാണത്
കഠിനമായൊരു പദം,ധ്വനിഭാരം
ചുമക്കുന്ന ഒരുചിഹ്നം,
മനസ്സിന്റെ കൈകള്‍ക്ക്
പരസഹായമില്ലാതെ
എടുത്തുയര്‍ത്താനാവാത്ത ഒരു ബിംബം
ഒന്നിനെയും അതിന് താങ്ങാനാവില്ല
അല്പപ്രാണനാണത്.

കൊതി

റോസാച്ചെടിയില്‍ റോസാപ്പൂവേ വിരിയൂ
മുല്ലവള്ളിയില്‍ മുല്ലയും
എനിക്ക് പക്ഷേ ഒരു പൂന്തോട്ടമാകാനാണ്
അല്ല,കാട് തന്നെയാകാനാണ് കൊതി.

Saturday, November 19, 2011

പിന്നെയും

എഴുതിത്തീര്‍ന്ന കവിതയുടെ
അവസാനവരിയിലെ പൂര്‍ണവിരാമം
എന്നെ തിരിയെ വിളിച്ചു
ഈ ലോകത്തില്‍
അനീതകള്‍ ഒരുപാട് ബാക്കിയുണ്ടല്ലോ
എന്ന എടുത്താല്‍ പൊങ്ങാത്ത ചോദ്യം
അതെന്റെ നെഞ്ചത്തേറ്റി വെച്ചു.
വേച്ചുവേച്ച് നടക്കുന്ന
വാക്കുകളുടെ തെരുവില്‍
പിന്നെയും ഞാന്‍ മലര്‍ന്നടിച്ചുവീണു.

Thursday, November 10, 2011

ആത്മാവിന്റെ സ്വന്തം നാട്ടില്‍ നിന്ന്

41
നാല് പതിറ്റാണ്ടിനു മുമ്പ് എന്റെ കഥകളും കവിതകളും അങ്ങിങ്ങായി അച്ചടിച്ചു വരാന്‍ തുടങ്ങിയപ്പോള്‍ നാട്ടിലെ ഒരധ്യാപകന്‍ ഉപദേശിച്ചു:"ഇതൊന്നും നമ്മളെ പോലുള്ളവര്‍ക്ക് പറഞ്ഞിട്ടുള്ളതല്ല.പ്രതിഭാശാലികള്‍ അതൊക്കെ ചെയ്യട്ടെ.നമ്മള് ലേഖനങ്ങളും മറ്റും എഴുതുന്നതാണ് നല്ലത്.വള്ളത്തോള്‍ കവിതയിലെ ദേശീയത,ജി.യും മിസ്റിസിസവും എന്നിങ്ങനെയൊക്കെ.''ഞാന്‍ അദ്ദേഹം പറഞ്ഞത് ഒരു ചെവിയിലൂടെ കേട്ട് മറുചെവിയിലൂടെ വിട്ടു.
ആദ്യം എരിപുരം പ്രഭാകരന്‍ എന്നും പിന്നെ എന്‍.പി.എരിപുരം എന്നും ഉള്ള പേരിലാണ് ഞാന്‍ എഴുതിക്കൊണ്ടിരുന്നത്.എന്‍.പ്രഭാകരന്‍ എന്ന പേരുപയോഗിച്ച് ആദ്യമായി എഴുതിയ കഥ 'ഒറ്റയാന്റെ പാപ്പാന്‍' ആണ്.1971 ഏപ്രിലില്‍ ആ കഥ മാതൃഭൂമി വിഷുപ്പതിപ്പില്‍ അച്ചടിച്ചു വന്നപ്പോള്‍ ഞാന്‍ പ്രവര്‍ത്തിച്ചു വന്നിരുന്ന വിദ്യാര്‍ത്ഥി സംഘടനയുടെ നേതാക്കളില്‍ ഒരാള്‍ പറഞ്ഞു"മാതൃഭൂമിക്കു വേണ്ടി പ്രത്യേകം കാച്ചിയതാണല്ലേ; എന്തായാലും ഈ വഴി അത്ര നല്ലതല്ല.''ആ പറച്ചില്‍ എന്നെ ശരിക്കും വേദനിപ്പിച്ചു.കാരണം രണ്ടു മാസത്തെ എന്റെ രാപ്പകലില്ലാത്ത മാനസികാധ്വാനത്തിന്റെ ഫലമായിരുന്നു ആ കഥ.
ഞാന്‍ നോവലിലേക്ക് കടന്നപ്പോഴും നാടകമെഴുതിയപ്പോഴുമെല്ലാം ആദ്യപ്രതികരണങ്ങള്‍ ഏറെക്കുറെ ഇതേ മട്ടിലായിരുന്നു.എന്തിന,് മുപ്പത്തിനാലാം വയസ്സില്‍ സ്വന്തം ചെലവില്‍ ആദ്യകഥാസമാഹാരം അച്ചടിച്ചിറക്കിയപ്പോള്‍ ' ഒരു പുസ്തകമിറക്കാനൊക്കെ ആയോ,കുറച്ചുകൂടി കഴിഞ്ഞിട്ടുപോരേ?'എന്ന് ചോദിക്കാനും ആളുണ്ടായി.
നോവലുകളില്‍ 'ജീവന്റെ തെളിവുകളും' 'ജനകഥ'യുമാണ് ഏറ്റവും രൂക്ഷമായി ആക്രമിക്കപ്പെട്ടത്.ആദ്യത്തേത് അതിന്റെ ഭാഷാപരമായ സൌന്ദര്യമില്ലായ്കയുടെയും രണ്ടാമത്തേത് ശില്പപരമായ അപൂര്‍ണതയുടെയും പേരില്‍.'ഈ ചെയ്യുന്നതൊന്നും ശരിയേയല്ല' എന്ന് ഞാന്‍ വലിയൊരു സാമൂഹ്യശല്യം ചെയ്യുന്നു എന്ന മട്ടില്‍ നേരില്‍ വന്നുകണ്ട് പറയാനും ചിലര്‍ മടി കാണിച്ചില്ല.കവിതയില്‍ ആരംഭിച്ച ഞാന്‍ പല വര്‍ഷങ്ങള്‍ക്കു ശേഷം വീണ്ടും തുടരെത്തുടരെ കവിതകളെഴുതിത്തുടങ്ങിയപ്പോള്‍ വായനക്കാരില്‍ വലിയൊരു വിഭാഗത്തിന് അത് രസിച്ചതേയില്ല.'കവിത എന്താണെന്ന് ഞാന്‍ പഠിപ്പിച്ചു തരാം'എന്ന മട്ടിലുള്ള അഹന്താപൂര്‍ണമായ ഫോണ്‍വിളികള്‍, ഞാന്‍ കവിതയെഴുത്ത് നിര്‍ത്തണം എന്നാവശ്യപ്പെട്ടു കൊണ്ടുള്ള പരസ്യപ്രസ്താവങ്ങള്‍,കവിത വിട്ടേക്ക്,കഥ തന്നെയാണ് നല്ലത് എന്ന സദുദ്ദേശത്തോടെയുള്ള നിര്‍ദ്ദേശങ്ങള്‍ എല്ലാം ഞാന്‍ തുറന്ന മനസ്സോടെ കേട്ടു.ആര് എന്തൊക്കെ.എങ്ങനെയൊക്കെ പറഞ്ഞാലും ഞാന്‍ തന്നെ എന്റെ മേല്‍ നിയന്ത്രണത്തിനു ശ്രമിച്ചാലും ഒരു രക്ഷയും കിട്ടില്ല.നട്ടുച്ചയെന്നും നട്ടപ്പാതിരയെന്നുമില്ലാതെ ഏതോ ഒരു നാട്ടുദൈവം തന്നിഷ്ടത്തിന് ചാടിപ്പുറപ്പെട്ടുവരുന്നതുപോലെയാണ് എഴുത്തിന്റെ വരവ്. ആ വരവില്‍ പെട്ടുപോയാല്‍ അകത്തുനിന്നും പുറത്തുനിന്നുള്ള ഏതെതിര്‍പ്പും ഞൊടിയിടയില്‍ വെന്ത് വെണ്ണീറാവും.
എഴുത്തിന്റെ ലോകത്ത് ആരും അധികാരികളല്ല.ഭാവുകത്വത്തിന്റെ രൂപീകരണത്തിലും നിര്‍ണയനത്തിലുമെല്ലാം തങ്ങള്‍ക്ക് പ്രത്യേകമായ എന്തോ ചില അധികാരങ്ങളുണ്ടെന്ന് ധരിച്ചുവെച്ചിട്ടുള്ള ചില വായനക്കാരും നിരൂപകരുമുണ്ട്.കേവല വിഡ്ഡികളാണ് അവരില്‍ ബഹുഭൂരിപക്ഷവും.എഴുത്തുകാര്‍ക്കിടയില്‍ തന്നെ വളരെ കുറച്ചുപേര്‍ മാത്രമേ ഒരു സാഹിത്യ രചന യഥാര്‍ത്ഥത്തില്‍ ഏതൊക്കെ പ്രശ്നങ്ങള്‍ ഉന്നയിക്കുന്നു,എഴുത്തിന്റെ ഏത് അവസ്ഥയെ പ്രതിനിധാനം ചെയ്യുന്നു എന്നെല്ലാം കൃത്യമായി തിരിച്ചറിയാറുള്ളൂ.ഓരോ ഘട്ടത്തിലും എഴുത്തിന്റെ ലോകത്ത് മേല്‍ക്കൈ നേടുന്ന രചനാതന്ത്രങ്ങളില്‍ നിന്ന് കേവല തന്ത്രങ്ങളെയും ജൈവികമായ അന്വേഷണങ്ങളെയും വേര്‍തിരിച്ചറിയുന്നതില്‍ നല്ല എഴുത്തുകാര്‍ പോലും ചിലപ്പോള്‍ പരാജയപ്പെട്ടേക്കാം.ആഗോള തലത്തില്‍ അംഗീകൃതരായ എഴുത്തുകാര്‍ക്കു തന്നെയും എല്ലായ്പ്പോഴും ഒരേ അളവിലുള്ള സര്‍ഗാത്മകതയോ ധൈഷണിക ജാഗ്രതയോ സൂക്ഷിക്കാനാവാറില്ല.നാല് ദശകത്തിലേറെയായുള്ള സാഹിത്യബന്ധത്തില്‍ നിന്ന് ഇങ്ങനെ ഒട്ടുവളരെ കാര്യങ്ങള്‍ എനിക്ക് സംശയ രഹിതമായി ബോധ്യം വന്നിട്ടുണ്ട്.
എന്റെ എഴുത്തിനെ കുറിച്ചുള്ള എന്റെ ധാരണകളില്‍ നിന്ന് വളരെ വ്യത്യസ്തവും ചില തലങ്ങളില്‍ കൂടുതല്‍ കൃത്യത അവകാശപ്പെടാനാവുന്നതുമായ നിരീക്ഷണങ്ങള്‍ ആരില്‍ നിന്നെങ്കിലുമൊക്കെ ഉണ്ടായേക്കാം.പക്ഷേ എന്നെ ഞാന്‍ എപ്പോള്‍,എങ്ങനെ,എന്ത് ലക്ഷ്യം മുന്നില്‍ കണ്ടുകൊണ്ട് തിരുത്തണം,അല്ലെങ്കില്‍ തിരുത്താതിരിക്കണം എന്നൊക്കെ നിര്‍ണയിക്കുന്നതിന് ഞാന്‍ ആധാരമാക്കുന്ന ധാരണകളെ കുറിച്ച് അറിയാനിടയാല്‍ സ്വന്തം നിരീക്ഷണങ്ങളെ കുറിച്ച് അവര്‍ക്ക് പോലും വലിയ തോതില്‍ മതിപ്പ് തോന്നാനിടയില്ല.തങ്ങളുടെ അടിസ്ഥാനരഹിതമായ ഉല്‍ക്കര്‍ഷബോധത്തിന്റെയും അഹന്തയുടെയും പിന്‍ബലത്തോടെ എന്നെ സമീപിക്കുന്നവര്‍ക്കാണെങ്കില്‍ തീര്‍ച്ചയായും കടുത്ത നിരാശയോടെ പിന്‍വാങ്ങേണ്ടി വരികയും ചെയ്യും.അപ്പോഴും അവരുടെയെല്ലാം അഭിപ്രായങ്ങള്‍ക്കു നേരെ മനസ്സിന്റെ വാതിലുകളും ജാലകങ്ങളുമെല്ലാം മലര്‍ക്കെ തുറന്നിടാന്‍ എനിക്ക് കഴിയും.അത് എന്റെ ഔദാര്യം കൊണ്ടൊന്നുമല്ല.ഉയര്‍ന്ന നിരൂപകരായാലും സാധാരണ വായനക്കാരായാലും ഒരു കൃതിയെ കുറിച്ച് അഭിപ്രായം രൂപീകരിക്കുന്നതിനു പിന്നില്‍ പല ഘടകങ്ങളും പ്രവര്‍ത്തിച്ചേക്കാം.സ്വന്തം ഇച്ഛാഭംഗങ്ങള്‍ തൊട്ട് സാഹിത്യത്തിലെയും സമൂഹത്തിലെയും അധികാരകേന്ദ്രങ്ങളുടെ പരോക്ഷ സമ്മര്‍ദ്ദങ്ങള്‍ വരെ പലതും അതിനെ നിയന്ത്രിച്ചേക്കാം.അതുകൊണ്ട് എത്ര വലിയവരുടെയും എത്രമേല്‍ അശിക്ഷിതരായവരുടെയും അഭിപ്രായങ്ങളെ അതിവൈകാരികമായി ഉള്‍ക്കൊള്ളരുത് എന്ന് ഞാന്‍ ഉള്ളില്‍ ഉറപ്പിച്ചു വെച്ചിട്ടുണ്ട്. അതുവഴി ലഭിച്ച നിര്‍മമമതയും മന:സ്വാസ്ഥ്യവും കുറച്ചുകാലമായി ഞാന്‍ അനുഭവിക്കുന്നുണ്ട്.ആരൊക്കെ എങ്ങനെയൊക്കെ ശ്രമിച്ചാലും അവയെ ഇല്ലായ്മ ചെയ്യാനാവില്ല.വിസ്തരിക്കാന്‍ അത്ര സുഖം തോന്നാത്ത ഈ പ്രശ്നം ഇനിയും വലിച്ചുനീട്ടുന്നില്ല.കഴിഞ്ഞ ദിവസം എഴുതിയ ഒരു കവിതയോടെ ഈ കുറിപ്പ് അവസാനിപ്പിക്കാം:
ശീര്‍ഷകം
ഇന്നലെ ഞാന്‍ ദൃഷ്ടാന്തകഥകളിലൂടെ സംസാരിച്ചു
ഇന്നും അങ്ങനെ തന്നെ തുടരാന്‍
ഞാന്‍ ദൈവത്തിന്റെ പുത്രനോ ദൂതനോ അല്ല
അന്നൊരു നാള്‍ ഒരുപാട് ഞാന്‍ കരഞ്ഞു
എന്നും കരഞ്ഞുകൊണ്ടിരിക്കാന്‍
എനിക്ക് കരച്ചിലിന്റെ അസുഖമില്ല
ഇന്നലെ ഞാന്‍ ഒരുപാട് ചിരിച്ചു
ഇന്നും ചിരിച്ചുകൊണ്ടിരിക്കാന്‍
ഞാനൊരു ചിരിപ്പിരാന്തനല്ല
ഉറുമ്പ് വന്ന് വിളിച്ചാല്‍
ഉള്‍മണ്ണില്‍ അതിന്റെ വീട്ടിലേക്ക് ഞാന്‍ വിരുന്നു പോവും
പരുന്താണ് വിളിക്കുന്നതെങ്കില്‍
വിണ്ണിലെ വളയങ്ങളാവും എന്റെ വഴികള്‍
ആത്മാവില്‍ കടലലകളലറാന്‍ തുടങ്ങുമ്പോള്‍
ആകാശമൌനം കൊണ്ടത് മൂടിവെക്കാന്‍
ഞാനൊരു ഭീരുവോ മൂഢനോ സന്യാസിയോ അല്ല
സുഹൃത്തേ,എന്റെ സ്വാതന്ത്യ്രത്തിന് ശീര്‍ഷകമായിട്ടാണ്
കവിത എന്നു ഞാന്‍ കുറിച്ചുവെക്കുന്നത്.
(പ്ളാവില മാസിക, നവംബര്‍ 2011)

Wednesday, November 9, 2011

രണ്ട് കവിതകള്‍

1
അവസാനത്തെ കനല്‍

കൊടുങ്കാട്ടില്‍
ദൈവവും മനുഷ്യരും മുമ്പെന്നോ മറന്നുപോയ
കോവിലിലേറി കഞ്ഞിവെച്ച് മടങ്ങിയ ഭ്രാന്തന്‍
അണയ്ക്കാതെപോയ അടുപ്പിലെ
അവസാനത്തെ കനലിനെന്ന പോലെ
പഴയ ഓര്‍മകള്‍ക്കും വിശ്വാസങ്ങള്‍ക്കും
പ്രതീക്ഷകള്‍ക്കും നാം കാവല്‍ നില്‍ക്കുന്നു
ഒന്നു തീര്‍ച്ചയാണ്
ചാരം മൂടുന്ന ഈ കനല്‍ച്ചുവപ്പ്
ഏറെച്ചെല്ലും മുമ്പ് കെട്ട് കരിക്കട്ടയാവും
പിന്നെ ബാക്കിയാവും
ഈ വഴി വന്ന ഏത് ഭൂതമാണ്
അടുപ്പിലേക്ക് കാറിത്തുപ്പിയതെന്നതിനെച്ചൊല്ലി
നമ്മളാരംഭിക്കാന്‍ പോവുന്ന
അന്തമില്ലാത്ത ആ തര്‍ക്കം .
2
ഫോട്ടോ

തെരുവും മൈതാനവും കടല്‍ത്തീരവും കടന്ന്
ചെറുപ്പക്കാരനായ ഫോട്ടോഗ്രാഫര്‍
എന്നെ കോട്ടയ്ക്കകത്തേക്ക് കൊണ്ടുപോയി
ഇരുള്‍ മാത്രം കണ്ണുതുറക്കുന്ന
ഇടുങ്ങിയ സെല്ലുകളുടെ നീണ്ട നിരയ്ക്കു മുന്നില്‍
കുതിക്കുന്ന കുതിരയുടെ കറുത്ത പ്രതിമക്കും
നിറഞ്ഞു പൂവിട്ട ചെറിയ ചെമ്പകത്തിനുമിടയില്‍
എനിക്കയാള്‍ ഇടം കണ്ടു
കണ്ണീരിന്റെ ഉപ്പളങ്ങള്‍
കരിങ്കല്‍ച്ചുവരായി എഴുന്നുറച്ച തടവറയില്‍ നിന്ന്
ഒരു കടല്‍ത്തിരയുടെ നിലവിളി പോലെ ഞാന്‍ പുറത്തുചാടി
പിന്നെ,കയ്യിലൊരു കൊച്ചു ചെമ്പകപ്പൂവുമായി
കരിംകുതിരപ്പുറത്ത് ഞാന്‍ കുതികൊണ്ടുതുടങ്ങേ
ഫോട്ടോഗ്രാഫര്‍ പറഞ്ഞു: ഓകെ; മതി,മതി
ഒന്നാന്തരമാണീ ഫ്രെയിം.
(പ്രസക്തി മാസിക,കണ്ണൂര്‍,കവിതപ്പതിപ്പ് 2011 )