Pages

Thursday, January 29, 2015

ദൈവവിളിക്ക് ക്ഷാമം

കേരളത്തിലെ കത്തോലിക്കാ സഭ വലിയ പ്രതിസന്ധിയിലാണെന്നും കന്യാസ്ത്രീമഠങ്ങൾ അടച്ചുപൂട്ടേണ്ട അവസ്ഥ തന്നെ ഉണ്ടായേക്കാമെന്നും മതമേധാവികൾ തന്നെ പറയുന്നത് ടി.വി യിൽ കേട്ടു.ഗ്രാമങ്ങളിൽ പോലും ജനങ്ങളുടെ സാമ്പത്തിക സ്ഥിതി  മെച്ചപ്പെട്ടതും ആളുകളുടെ ചിന്ത മെറ്റീരിയലിസ്റ്റിക് ആയതും ആണ് അതിന് കാരണങ്ങളായി അവർ പറഞ്ഞത്. ഈ സാഹചര്യത്തിൽ ഒരു കാമ്പയിൻ നടത്തി ദൈവവിളി ഉണ്ടാകുന്നവരുടെ  എണ്ണം വർദ്ധിപ്പിക്കാൻ സാധ്യമല്ലെന്നും അവർ കൂട്ടിച്ചേർത്തു.
താരതമ്യം വലിയൊരളവോളം തെറ്റാവുമെന്ന് അറിഞ്ഞുകൊണ്ടു തന്നെ പറയട്ടെ - ഈ മട്ടിലുള്ള ഒരു പ്രതിസന്ധി തന്നെയാണ് രാഷ്ട്രീയ പ്രസ്ഥാനങ്ങളും നേരിടുന്നത്.സാമൂഹ്യസേവനത്തിനോ അനീതിക്കെതിരായ സമരങ്ങൾക്കു വേണ്ടിയോ മുന്നിട്ടിറങ്ങാനുള്ള മനസ്സ് ആർക്കും ഉണ്ടാവുന്നില്ല.ആഹാരത്തിനും വസ്ത്രത്തിനും പാർപ്പിടത്തിനും ബുദ്ധിമുട്ടനുഭവിക്കാത്തവരായി തീർന്നിരിക്കുന്നു ഇവിടുത്തെ വലിയൊരു ശതമാനം ജനങ്ങളും.അവശേഷിക്കുന്നവരിൽ തന്നെ ഗണ്യമായ ഒരു വിഭാഗം നഷ്ടപ്പെടാൻ വിലങ്ങുകൾ മാത്രമായ തൊഴിലാളിവർഗമൊന്നുമല്ല.ഭക്ഷണത്തിനും ചെറുമട്ടിൽ മിനുങ്ങാനുമൊക്കെയുള്ള വക അവരുടെ കയ്യിലുണ്ട്.അപ്പോൾ പിന്നെ രാഷ്ട്രീയബോധവും രാഷ്ട്രീയത്തിലുള്ള കേവല താല്പര്യം തന്നെയും അവരെ വിട്ടകലുന്നതിൽ അത്ഭുതമില്ല.പക്ഷേ,കാമ്പയിൻ നടത്തി ദൈവവിളി ഉണ്ടാകുന്നവരുടെ എണ്ണം വർധിപ്പിക്കാൻ കഴിയാത്ത വിധത്തിലല്ല ഇപ്പുറത്തെ കാര്യങ്ങൾ.നേതാക്കൾ സ്വന്തം നിലക്ക് ഉയർന്ന രാഷ്ട്രീയബോധവും അറിവും ആർജിക്കുകയും ജനങ്ങളെ രാഷ്ട്രീയമായി ബോധവൽക്കരിക്കാൻ ആത്മാർത്ഥമായി ശ്രമിക്കുകയും ചെയ്യുകയാണെങ്കിൽ കേരളത്തിന്റെ രാഷ്ട്രീയ മനസ്സ് അത്ഭുതകരമായ ഊർജത്തോടെ ഉണർന്നെണീക്കും.
                                                                   29/1/2015

No comments:

Post a Comment