Pages

Tuesday, April 28, 2015

എന്തുകൊണ്ടിങ്ങനെ?

ഉറുമ്പിന് നോവുമ്പോൾ
ഉള്ളം പിടയുന്ന കവികൾ
'എന്നെ കൊല്ലുന്നേ,എന്നെ കൊല്ലുന്നേ' എന്ന്
മനുഷ്യൻ നിലവിളിക്കുമ്പോൾ
കേൾക്കാത്ത മട്ടിൽ കടന്നുപോകുന്നതെന്ത്?
കവികളുടെ കാതുകളിൽ ഒച്ചകളെ വേർതിരിച്ച്
സുരക്ഷിതമായതു മാത്രം തിരഞ്ഞെടുക്കുന്ന
സവിശേഷ സംവിധാനമുണ്ടോ?
അവരുടെ സ്‌നേഹവും ഉൽക്കണ്ഠകളും
ഇത്രമേൽ മനുഷ്യവിരുദ്ധമോ?

28/4/2015

Monday, April 27, 2015

കരിക്കോട്ടക്കരി

വിനോയ് തോമസിന്റെ 'കരിക്കോട്ടക്കരി' വായിച്ചു.ഇതൊരു നല്ല നോവലാണ്.വടക്കൻ കേരളത്തിലെ കുടിയേറ്റ ഗ്രാമമായ കരി ക്കോട്ട ക്കരിയിലെ ജനജീവിതത്തിന്റെ പല അടിയൊഴുക്കു കളിലൂടെയുമുള്ള ദീർഘസഞ്ചാരമാണ് ഈ നോവൽ.തന്റെ പിതൃത്വത്തെ പറ്റി ചെറുപ്പം തൊട്ടേ സംശയമുണ്ടായിരുന്ന ഇറാനിമോസ് എന്ന മനുഷ്യൻ കടന്നുപോകുന്ന നാനാതരം അനുഭവങ്ങളിലൂടെ പുലയരുടെയും ദളിത് ക്രിസ്ത്യാനികളുടെയും ജീവിതത്തിലെ പല സംഘർഷങ്ങളെയും അടുത്തറിയാൻ അവസരം നൽകുകയാണ് നോവലിസ്റ്റ്.ഒരു ദേശത്തിന്റെ പ്രകൃതിയും ഒരു ജനതയുടെ സംസ്‌കാരവും കഥാവസ്തുവിന്റെ ജീവത്തായ ഭാഗമായിത്തീർന്നതിന്റെ സവിശേഷമായ സൗന്ദര്യവും കരുത്തും 'കരിക്കോട്ടക്കരി'ക്കുണ്ട്.വ്യക്തിയുടെ സ്വത്വാന്വേഷണത്തെ അല്പവും അസ്വാഭാവികത അനുഭവപ്പെടുത്താതെ ഒരു ജനതയുടേതു കൂടിയാക്കി വളർത്തിയതിലെ നോവലിസ്റ്റിന്റെ കരവിരുത് തീർച്ചയായും പ്രശംസാർഹമാണ്.നോവലിന് കഥാവസ്തു തേടി നെറ്റിലേക്കും വിദേശനോവലുകളിലേക്കുമൊക്കെ പോവുക എന്നത് സാധാരണ മായിക്കൊണ്ടിരിക്കുന്ന മലയാളത്തിലെ പുതിയ സാഹിതീയ പരിസരം 'കരിക്കോട്ടക്കരി'യുടെ പ്രാധാന്യം ഇരട്ടിയാക്കുന്നുണ്ട്.
27/4/2015

Saturday, April 25, 2015

സാംസ്‌കാരിക ഇടതുപക്ഷവും സമകാലിക കേരളവും

സാംസ്‌കാരിക ഇടതുപക്ഷം എന്നത് മലയാളികളെ സംബന്ധിച്ചിടത്തോളം നവോത്ഥാനത്തിന്റെ ചൈതന്യം ഉൾക്കൊണ്ടും യുക്തിവാദപ്രസ്ഥാനം,ജീവത്സാഹിത്യസംഘം,പുരോഗമനസാഹിത്യ സംഘടന,ദേശാഭിമാനി സ്റ്റഡിസർക്കിൾ,പുരോഗമന കലാസാഹിത്യസംഘം എന്നിവയുടെ പ്രവർത്തനങ്ങളിലൂടെയും എഴുത്തുകാർ,ചിത്രകാരന്മാർ,വായനക്കാർ,നാടകപ്രവർത്തകർ എന്നിവരുടെ സംഭാവനകളിലൂടെയും വളർന്നുവന്ന ശക്തമായൊരു സാംസ്‌കാരിക സാന്നിധ്യമായിരുന്നു.ആയിരുന്നു എന്നു പറഞ്ഞത് ഇപ്പോൾ അങ്ങനെയല്ല എന്നതുകൊണ്ടു തന്നെയാണ്.
രൂപഭദ്രതാവാദത്തെ തുടർന്നുണ്ടായ തർക്കങ്ങളുടെ ഫലമായി പരോഗമന സാഹിത്യസംഘടന നിർജീവമായതോടെ തന്നെ സാംസ്‌കാരിക ഇടതുപക്ഷം പരിക്ഷീണമായതാണ്.1940കളുടെ അന്ത്യത്തിലായിരുന്നു അത്.പിന്നീട് എഴുപതുകളിൽ ദേശാഭിമാനി സ്റ്റഡി സർക്കിളിലൂടെ ഒരു പുനരുജ്ജീവനം സാധ്യമാവുകയും പുരോഗമന കലാസാഹിത്യസംഘത്തിന്റെ രൂപീകരണത്തോടെ കാര്യങ്ങൾ കുറേക്കൂടി മെച്ചപ്പെടുകയും ചെയ്തു.പക്ഷേ,എന്നിട്ടും മലയാള സാഹിത്യത്തിൽ ഇടതുപക്ഷത്തിന് നിർണായക സ്വാധീനം സാധ്യമായില്ല.
1.950കളിൽ തന്നെ ഇടതുപക്ഷത്തു നിന്ന് പിന്മാറിത്തുടങ്ങിയ വായനക്കാർ 60കളുടെ അന്ത്യത്തോടെ ആധുനികതയുടെ ആരാധകരായിക്കഴിഞ്ഞിരുന്നു.അവരെ തിരിച്ച് ഇടതുപക്ഷത്തേക്ക് തന്നെ കൊണ്ടുവരാൻ ദേശാഭിമാനി സ്റ്റഡിസർക്കിളും പുരോഗമന കലാസാഹിത്യസംഘവും നടത്തിയ ശ്രമങ്ങൾ ചെറിയ അളവിലേ ഫലം കണ്ടുള്ളൂ. ഇടതുപക്ഷത്തിന് സ്വന്തമായ പ്രസിദ്ധീകരങ്ങളും പ്രസിദ്ധീകരണശാല തന്നെയും ഉണ്ടായിരുന്നെങ്കിലും അവയ്ക്ക് വായനാസമൂഹത്തിന്റെ ഭാഗത്തു നിന്ന് വിപുലമായ പിന്തുണ ലഭിച്ചിരുന്നില്ല. മലയാളത്തിൽ വമ്പിച്ച പൊതുസമ്മതിയുണ്ടായിരുന്ന എഴുത്തുകാരിൽ മഹാഭൂരിപക്ഷവും ഇടതുപക്ഷത്തിന്റെ കൂടെ നിന്നതുമില്ല.
ഈ പ്രതികൂല യാഥാർത്ഥ്യങ്ങളെ അവഗണിച്ച്  സ്വന്തം വഴിയിൽ മുന്നേറാനുള്ള ആത്മബലം ഇടതുപക്ഷത്തിന് ഉണ്ടായിരുന്നില്ല.അതു കാരണം,എഴുത്തുകാരന്റെ സാമൂഹ്യപ്രതിബദ്ധതയെ കുറിച്ച് സംസാരിച്ചുകൊണ്ടിരിക്കെത്തന്നെ ആ നിലപാടിനോട് നേരിയ അളവിൽ പോലും മമത കാണിക്കാതിരുന്ന എഴുത്തുകാരെ അവർക്ക് പൊതുസമ്മതിയുണ്ട് എന്ന ഒറ്റ കാരണം കൊണ്ടു മാത്രം സ്വന്തം വേദികളിലേക്ക് ആനയിച്ചുകൊണ്ടുവരാൻ ഇടതുപക്ഷം ഉത്സാഹം കാണിച്ചു.വലിയ അവാർഡുകൾ,സാഹിത്യസ്ഥാപനങ്ങളിലെയും യൂനിവേഴ്‌സിറ്റികളിലെയും മറ്റും ഉയർന്ന പദവികൾ,മാധ്യമങ്ങളിൽ ലഭിക്കുന്ന പരിഗണന ഇവയെയൊക്കെ ആദരപൂർവം തന്നെയാണ് ഇടതുപക്ഷവും നോക്കിക്കണ്ടത്.എഴുത്തുകാരന്റെ രാഷ്ട്രീയാവബോധം,സാമൂഹ്യാവബോധം എന്നിവയെ കുറിച്ചുള്ള പ്രഭാഷണങ്ങളും ഈ നിലപാടുകളും തമ്മിലുള്ള പൊരുത്തക്കേട് കേരളത്തിലെ സാംസ്‌കാരിക ഇടതുപക്ഷത്തെ കടുത്ത ആശയക്കുഴപ്പത്തിലാക്കിയിരുന്നു.അതുകൊണ്ടു തന്നെ ഭാവുകത്വനിർമിതിയുടെ കാര്യത്തിൽ ഇടതുപക്ഷത്തിന് കാര്യമായി ഒന്നും ചെയ്യാൻ കഴിഞ്ഞില്ല.മാറി വരുന്ന കാലത്തെ അഭിസംബോധന ചെയ്യാൻ പാകത്തിൽ ഇടതുപക്ഷം ആശയപരമായ വളർച്ച നേടുന്നില്ല എന്ന തോന്നൽ പൊതുവെ ഉണ്ടായിവരികയും ചെയ്തു.ആ തോന്നൽ ഇപ്പോഴും തുടരുകയും ചെയ്യുന്നു.
ഇനി മറ്റു ചില വസ്തുതകളിലേക്ക് വരാം. സാഹിത്യത്തിലെ മേൽക്കോയ്മ ഇപ്പോഴും ഇടതുപക്ഷവിരുദ്ധർക്ക് തന്നെയാണെങ്കിലും കഴിഞ്ഞ പല ദശകങ്ങളായി മലയാള സാഹിത്യത്തെ നിലനിർത്തിപ്പോരുന്നത് ഇടതുപക്ഷക്കാരായ വായനക്കാരും ഇടതുപക്ഷക്കാരുടെ നിയന്ത്രണത്തിലുള്ള  വായനശാലകളുമാണ്.വലതുപക്ഷം മിക്കവാറും ലബ്ധപ്രതിഷ്ഠരായ എഴുത്തുകാരെ കൊണ്ടുനടക്കുന്നതിൽ മാത്രം ശ്രദ്ധിച്ചു.സാഹിത്യദർശനത്തിലെ പുതിയ പ്രശ്‌നങ്ങളൊന്നും അവരുടെ ആലോചനാവിഷയമായതേയില്ല.അതെല്ലാം ഇടതുപക്ഷത്തിന്റെ ഉത്തരവാദിത്വമാണ് തങ്ങളുടെ ജോലി പ്രമാണിമാരെ കൊണ്ടുനടക്കൽ മാത്രമാണ് എന്ന മട്ടിലാണ് വലതുപക്ഷം പെരുമാറിപ്പോന്നത്.
1980കളുടെ അന്ത്യം വരെ ഏറെക്കുറെ ഇതായിരുന്നു സ്ഥിതി.പക്ഷേ,ഇടതുപക്ഷത്തിന്റെ ആത്മവിശ്വാസം തകർന്നുകൊണ്ടേ ഇരിക്കുന്നുണ്ടായിരുന്നു.മലയാളിയുടെ സാഹിത്യഭാവുകത്വം തങ്ങൾ മുന്നോട്ടു വെക്കുന്ന സാഹിത്യസങ്കൽപങ്ങളെ പിന്തുടരുന്നതേയില്ല എന്ന ബോധ്യത്തിന്റെയും സാഹിത്യത്തിലെ അധികാരകേന്ദ്രങ്ങളെയും പ്രമാണിമാരെയും തങ്ങൾക്ക് അവഗണിക്കാനാവുന്നില്ല  എന്ന അനുഭവ നിഷ്ഠമായ തിരിച്ചറിവിന്റെയും ഫലമായിരുന്നു അത്.ഈ ഘട്ടത്തിലാണ് ഇ.എം.എസ്സിന്റെ നിർണായകപ്രാധാന്യമുള്ള പ്രസ്താവം വന്നത്.അത് ഇങ്ങനെയായിരുന്നു:
'സാഹിത്യരചനയും ആസ്വാദനവും തികച്ചും വ്യക്തിഗതമായ ഒരു വ്യാപാരമാണ്.സാമൂഹ്യമോ രാഷ്ട്രീയമോ ആയ യാതൊരു ലക്ഷ്യവും സാഹിത്യരചനക്ക് ആവശ്യമില്ല.ആ അർത്ഥത്തിൽ കല കലക്കുവേണ്ടിത്തന്നെയാണ്.ഈ സത്യം കമ്യൂണിസ്റ്റുകാരായ ഞങ്ങൾ വേണ്ടത്ര കണ്ടിരുന്നില്ല.'(ഭാഷാപോഷിണി -1991 ഒക്‌ടോബർ)
ഇ.എം.എസ്സിന്റെ ഈ നിലപാട് പുരോഗമനസാഹിത്യപ്രസ്ഥാനത്തിന്റെ പ്രസക്തിയെ തന്നെ ചോദ്യം ചെയ്യുന്നതാണ് എന്ന കാര്യം ആർക്കും ബോധ്യപ്പെടും.ഇ.എം.എസ് സ്വന്തമായി  താൻ ഉദ്ദേശിച്ചത് മറ്റൊന്നാണെന്ന് പിന്നീട് പറയുകയും ബി.രാജീവിനെ പോലുള്ള വ്യാഖ്യാതാക്കൾ  ഇ.എം.എസ്സിന്റെ ഭാഷാപോഷിണി ലേഖനം മലയാളത്തിലെ മാർക്‌സിസ്റ്റ് വിമർശനത്തെ സാമൂഹ്യശാസ്ത്രവാദത്തിന്റെ പിടിയിൽ നിന്ന് മോചിപ്പിക്കുന്ന ഒന്നാണെന്ന് വാദിക്കുകയും അതിനെ വഴിത്തിരിവിന്റെ രേഖ എന്നു വാഴ്ത്തുകയും ചെയ്തു.എന്നാൽ ഇനിയങ്ങോട്ട് സാഹിത്യമേഖലയിൽ ഇടതുപക്ഷ നിലപാടുകൾക്കോ ഒരു ഇടതുപക്ഷസംഘടനയ്‌ക്കോ പ്രസക്തിയില്ല എന്നതു തന്നെയായിരുന്നു ഇ,എം.എസ് പറയാതെ പറഞ്ഞു വെച്ചത്.അദ്ദേഹം പറഞ്ഞതിനെ കേരളത്തിലെ സാസ്‌കാരിക ഇടതുപക്ഷം അംഗീകരിച്ച മട്ടിലായിരുന്നു പിന്നീടുള്ള അനുഭവങ്ങൾ.അതിന്റെ വിശദാംശങ്ങൾ ചിക്കിച്ചികയുന്നതുകൊണ്ട് കാര്യമായ പ്രയോജനമൊന്നും ഉണ്ടാവില്ല എന്നതുകൊണ്ട് ആ വഴിക്ക് ഞാൻ നീങ്ങുന്നില്ല.
ഇപ്പോൾ സാംസ്‌കാരിക ഇടതുപക്ഷം എന്ന പരികൽപന പ്രസക്തമാണോ എന്ന കാര്യമാണ് നമുക്ക് ആലോചിക്കാനുള്ളത്.കഴിഞ്ഞ രണ്ടുമൂന്നു ദശകക്കാലത്തിനിടയിൽ കേരളത്തിലെ ജനജീവിതത്തിൽ വമ്പിച്ച മാറ്റങ്ങളുണ്ടായിട്ടുണ്ട്.പല വഴികളിലായി വൻതോതിൽ പണം ജനങ്ങളിലെ ഗണ്യമായ ഒരു വിഭാഗത്തിന്റെ കയ്യിൽ എത്തിച്ചേർന്നു,ഭൂമിവില വർധിച്ചതിനെ തുടർന്ന് ഭൂമി കൈമാറ്റത്തിലൂടെ അനകം പേരുടെ കയ്യിൽ ഭീമമായ തുക വന്നു ചേർന്നു,കൂലി വർധിച്ചു,വിദേശത്ത് തൊഴിൽ തേടി പോകുന്ന ചെറുപ്പക്കാരുടെ എണ്ണത്തിൽ വമ്പിച്ച വർധനവുണ്ടായി,വിനോദസഞ്ചാരത്തിനു വേണ്ടി വർഷം തോറും വലിയ തുക ചെലവഴിക്കാൻ തയ്യാറുള്ള ലക്ഷക്കണക്കിനാളുകൾ ഉണ്ടായി ,നഗരങ്ങളിലും ഗ്രാമങ്ങളിലും കാർണിവലുകളും വ്യാപാരമേളകളും സാധാരണമായി ഇങ്ങനെ ഈ മാറ്റങ്ങളെ ഒന്നൊന്നായി എണ്ണിപ്പറയാം.എല്ലാറ്റിനുമുപരിയായി സംഭവിച്ച സംഗതി അനുനിമിഷം വളരുന്ന വിപണിയിൽ വിജയകരമായി വ്യാപരിക്കാൻ ധാരാളം പണം വേണമെന്ന ചിന്ത ഓരോ വ്യക്തിയെയും കീഴടക്കുകയും പണമുണ്ടാക്കാനുള്ള വിവിധ വ്യവഹാരങ്ങളിൽ ആളുകൾ കൂടുതൽ കൂടുതൽ ഉത്സുകരാവുകയും ചെയ്തു എന്നതാണ്.ആ വക കാര്യങ്ങളെ കുറിച്ച് ആലോചിക്കാൻ വലുതായ ശേഷിയില്ലാത്തവർക്കും പുസ്തകവായനയിലേക്കോ കലാസമിതികളുടെ പ്രവർത്തനങ്ങളിലേക്കോ മറ്റെന്തെങ്കിലും സാംസ്‌കാരിക വ്യവഹാരങ്ങളിലേക്കോ  തിരിയാൻ പ്രേരണയുണ്ടാവുന്ന ഒരന്തരീക്ഷം ഇന്ന് നിലവിലില്ല.
ഇടതുപക്ഷം തികച്ചും അപ്രസക്തമായി എന്ന് ഇതുകൊണ്ട് അർത്ഥമാവുന്നില്ല.ഇപ്പോൾ സന്നദ്ധസംഘടനകൾ കയ്യടക്കിയിരിക്കുന്ന പല മേഖലകളിലും വിശ്വസനീയവും തുടർച്ച സാധ്യമാവുന്നതുമായ പരിണാമങ്ങളും മുന്നേറ്റങ്ങളുമുണ്ടാവണമെങ്കിൽ ഇടതുപക്ഷം തന്നെ വേണം എന്ന തോന്നൽ പൊതുവെ ഉണ്ടാവുന്നുണ്ട്.ഈ തോന്നലിനെ ശക്തിപ്പെടുത്താനും രാഷ്ട്രീയ ഇടതുപക്ഷത്തെ ശുദ്ധീകരിക്കാനും  ശേഷിയുള്ള ഒരു സാംസ്‌കാരിക ഇടതുപക്ഷമാണ് ഇന്ന് കേരളത്തിന് ആവശ്യമായിട്ടുള്ളത്.അങ്ങനെയൊരു തലത്തിലേക്ക് വളരണമെന്നുണ്ടെങ്കിൽ ഇപ്പോൾ മുറുകെ പിടിച്ചിരിക്കുന്ന പല ശാഠ്യങ്ങളും ഉപേക്ഷിക്കണം.
ആദ്യത്തെ കാര്യം മുൻകാലങ്ങളിൽ പ്രത്യയശാസ്ത്രപരമായ കാരണങ്ങളാൽത്തന്നെ ഒഴിവാക്കിയിരുന്ന സ്വത്വവാദം,സ്ത്രീവാദം,പരിസ്ഥിതി രാഷ്ട്രീയം തുടങ്ങിയ മേഖലകളിൽ ഉണ്ടായിക്കൊണ്ടിരിക്കുന്ന ചലനങ്ങളിൽ സാംസ്‌കാരിക ഇടതുപക്ഷം ശ്രദ്ധിക്കേണ്ടതായി എന്തെങ്കിലും ഉണ്ടോ എന്ന് ഈ രാജ്യത്തെ മൂർത്തമായ അനുഭവങ്ങളുടെ പശ്ചാത്തലത്തിൽ പരിശോധിക്കണം.സാഹിത്യാസ്വാദനത്തിലെ സാർവദേശീയ ഘടകങ്ങൾക്കൊപ്പം പ്രാദേശിക ഘടകങ്ങളും പ്രവർത്തിക്കുന്നുണ്ടോ എന്ന് ആഴത്തിൽ അന്വേഷിക്കണം.അങ്ങനെ നിരൂപണത്തെ മാർക്‌സിയൻ സൗന്ദര്യശാസ്ത്രത്തിന്റെ പഴയ അതിരുകൾക്ക് പുറത്തേക്ക് കൊണ്ടുപോവണം.കലാസാംസ്‌കാരികരംഗങ്ങളിൽ തികഞ്ഞ ജനാധിപത്യബോധത്തോടെ ഇടപെടാൻ തയ്യാറാവുകയാണെങ്കിൽ മാത്രമേ ചെറുപ്പക്കാർ ഇടതുപക്ഷത്തോടൊപ്പം നിൽക്കുകയുള്ളൂ.പുതിയ തലമുറയുടെ പൂർണവിശ്വാസം ആർജ്ജിക്കുക വഴിയേ സാംസ്‌കാരിക ഇടതുപക്ഷത്തിന് സജീവമാകാൻ കഴിയൂ.അല്ലാത്ത പക്ഷം കാലഹരണപ്പെട്ട ഭാഷയിൽ സിദ്ധാന്തങ്ങൾ ഉരുവിടുന്നവരുടെ ജീവസ്സറ്റ കൂട്ടായ്മയായി ഒരു രംഗത്തും കാര്യമായ ഇടപെടൽ സാധ്യമാവാതെ അത് വെറുതെ നിലനിന്ന് പോവുകയേ ഉള്ളൂ.

25/4/2015

Friday, April 24, 2015

വാക്കുകളുടെ മന്ത്രശുദ്ധി

'സാഹിത്യമെഴുതേണ്ടത് മന്ത്രശുദ്ധിയുള്ള വാക്കുകൾ കൊണ്ടാണ്.പവിത്രമോതിരം അണിഞ്ഞ കൈകൾ കൊണ്ട് എന്ന വിധം വളരെ ശ്രദ്ധയോടും സൂക്ഷ്മതയോടെയും ആണ് എഴുതേണ്ടത്' എന്ന്  പ്രൊഫസർ എം.തോമസ്മാത്യു പ്രസംഗിച്ചതായി പത്രവാർത്ത കണ്ടപ്പോൾ. 'അശുദ്ധകവിത'ക്കുവേണ്ടി പാബ്‌ളോ നെരൂദ തന്നെ വാദിച്ച കാര്യം ഓർമിച്ചുപോയി.
കല സംശുദ്ധമായിരിക്കണം,അതിൽ രാഷ്ട്രീയം കലരരുത്,കലാകാരൻ സൃഷ്ടി നടത്തുന്നത് ആത്മാവിഷ്‌കാരത്തിനു വേണ്ടി മാത്രമായിരിക്കണം സാമൂഹ്യലക്ഷ്യങ്ങളുടെ ഭാരമൊന്നും അവർ ഏറ്റെടുക്കരുത് എന്നൊക്കെ പതിവായി പ്രസംഗിക്കുന്ന പലരുമുണ്ട്.അവർക്ക് അങ്ങനെ പ്രസംഗിക്കാൻ കഴിയുന്നത് സാഹിത്യരചനയുടെ യഥാർത്ഥപ്രശ്‌നങ്ങളെ സ്വന്തമായി അനുഭവിച്ചറിഞ്ഞിട്ടില്ലാത്തതുകൊണ്ടാണ്.ആലങ്കാരിക ഭാഷയിൽ ശുദ്ധമായ കലാനിർമാണത്തെപ്പറ്റി പ്രസംഗിക്കുക എളുപ്പമാണ്.പക്ഷേ,ഇക്കൂട്ടർ പറയുന്നതുപോലെയാണ്  എഴുത്തുകാർ അവരുടെ പണി ചെയ്തി രുന്നതെങ്കിൽ തകഴിയുടെ രണ്ടിടങ്ങഴി,തോട്ടിയുടെ മകൻ,ബഷീറിന്റെ ശബ്ദങ്ങൾ,ജീവിത നിഴൽപാടുകൾ,മരണത്തിന്റെ നിഴലിൽ,അനുരാഗത്തിന്റെ ദിനങ്ങൾ,കേശവദേവിന്റെ ഓടയിൽ നിന്ന്,ചങ്ങമ്പുഴയുടെ വാഴക്കുല,പാടുന്ന പിശാച്,ഇടശ്ശേരിയുടെ പുത്തൻ കലവും അരിവാളും കെ.ദാമോദരന്റ പാട്ടബാക്കി തുടങ്ങി നൂറ് കണക്കിന് കൃതികൾ ഉണ്ടാവുമായിരുന്നില്ല.'വാക്കുകളുടെ മന്ത്രശുദ്ധി 'പോലുള്ള സങ്കൽപങ്ങൾ മാറ്റിവെച്ചിട്ടാണ് എഴുത്തുകാർ കഥയോ കവിതയോ നോവലോ ഒക്കെ എഴുതാൻ പുറപ്പെടുന്നത്.അല്ലാതെ എഴുതിയാൽ മന്ത്രം പോലുള്ള സംഗതിയേ ഉണ്ടാവൂ.അത് ജീവനുള്ള സാഹിത്യമാവില്ല.
24/4/2015

Tuesday, April 21, 2015

കറിച്ചട്ടി പൂച്ചട്ടിയാവുമ്പോൾ

പാചകകലയിൽ അസാധാരണമായ  താൽപര്യവും കഴിവുമുള്ള പുരുഷന്മാർ പലരുമുണ്ടെങ്കിലും വീട്ടിലെ ആഹാരനിർമാണം മിക്കവാറും സ്ത്രീകളുടെ മാത്രം തൊഴിലായി തുടരുകയാണ്.ഓരോരുത്തരുടെയും അടിസ്ഥാനാവശ്യങ്ങളിൽ ആദ്യത്തേതായ ആഹാരത്തിന് വേണ്ട  ഇനങ്ങൾ മൂന്നു നേരവും(ചിലപ്പോൾ നാല് നേരവും) ഉണ്ടാക്കിയെടുക്കുന്ന ജോലി നിത്യവും നിർവഹിച്ചുപോരുന്നതുകൊണ്ടു കൂടിയാവും ഏതനുഭവത്തെയും മറ്റൊന്നും ഭാവിക്കാതെ വളരെ വസ്തുനിഷ്ഠമായി നിരീക്ഷിക്കാനും സർവസാധാരണമായ അനുഭവങ്ങളിൽ പോലും കവിതയുടെ വിചിത്രമനോഹരമായ സാധ്യതകൾ കണ്ടെത്താനും അവർക്ക് പുരുഷന്മാരേക്കാൾ കൂടുതൽ കഴിവുള്ളതായി കാണുന്നുണ്ട്. ഏറ്റവും ചുരുങ്ങിയ വാക്കുകളിൽ ആലോചനകളുടെയും അനുഭൂതികളുടെയും  ഏറെനാളേക്ക്  വറ്റാത്ത ഉറവകൾ നിർമിച്ചു വെക്കാനും അവർക്ക് കഴിയും.സന്ധ്യ എൻ.പി,രേഖ മാതമംഗലം തുടങ്ങിയവരുടെ കവിതകളിലൂടെ കടന്നുപോവുന്ന ആർക്കും ഇത് ബോധ്യപ്പെടും.രേഖയുടെ 'ആയൽ' എന്ന കവിത മാത്രം തൽക്കാലം ഇവിടെ ഉദ്ധരിച്ചു ചേർക്കാം:
'കറിച്ചട്ടി
പൂച്ചട്ടിയായി
ഇടക്കിടെ നിറയെ പൂവിടുമ്പോൾ
തിളച്ചുതൂവുന്ന രുചിയെന്നോർത്ത്
മുറ്റത്തേക്ക് ആഞ്ഞുപോകുന്നു.'
കറിച്ചട്ടിയുടെ ഓർമയിൽ നിന്ന് ചെടിച്ചട്ടിയിലേക്കും പൂവിലേക്കും മനസ്സിനെ പറിച്ചു നടാൻ കഴിയാത്ത സ്ത്രീയാണ് ഈ വരികളിലുള്ളത്.എല്ലാ അനുഭവങ്ങളെയും അടുക്കളയെ ആധാരമാക്കി മാത്രം സ്വീകരിക്കാൻ അബോധമായിപ്പോലും നിർബന്ധിതയാവുന്ന സ്ത്രീയുടെ അവസ്ഥ അൽപവും വൈകാരികത കലർത്താതെ അവതരിപ്പിച്ചിരിക്കുകയാണ് ഈ ചെറുകവിതയിൽ. കേരളത്തിലെ പല ഗ്രാമീണവീട്ടുമുറ്റങ്ങളിലെയും ചെടിച്ചട്ടികളുടെ ദൃശ്യം കൂടി മനസ്സിലേക്ക് വരുന്നവർക്കേ ഈ വരികളുടെ അനന്യമായ ഭംഗി ബോധ്യപ്പെടൂ.
21/4/2015

Monday, April 20, 2015

ഞാൻ മാത്രമായ എന്നെ

അവരെപ്പറ്റിയും ഇവരെപ്പറ്റിയുമൊക്കെ ഞാൻ പറഞ്ഞു
എന്നെപ്പറ്റി മാത്രം ഒന്നും പറഞ്ഞില്ല
ഓ,അതത്ര വലിയ കാര്യമൊന്നുമല്ല
അവരും ഇവരുമൊക്കെത്തന്നെയല്ലേ ഞാൻ
ഞാൻ മാത്രമായ എന്നെ
എനിക്ക് തന്നെ സഹിക്കാനാവില്ല
പിന്നെയല്ലേ ലോകത്തിന്?
20/4/2015

Sunday, April 19, 2015

തോന്നൽ

കഥയിലേക്കും കവിതയിലേക്കുമെല്ലാം എളുപ്പവഴികളുണ്ട്
വളരെയേറെപ്പേർ അവയിലൂടെ പോവുന്നുമുണ്ട്
കൊടുമുടി കയറുന്ന ക്ലേശത്തോടെ നാലഞ്ചുവരികളെഴുതി
ഇനി മുന്നോട്ടുപോവണോ എന്ന് അറച്ചറച്ചു നിൽക്കുന്നവരും ഉണ്ട്
കവിതയെ കുറിച്ചും ജീവിതത്തെ കുറിച്ചും
അവർക്കു പറയാനുള്ളത് കേൾക്കാൻ 
എന്നും തിടുക്കപ്പെടാറുണ്ട്‌
അത്തരക്കാർ വലിയ കവികളായിരിക്കുമെന്ന പ്രതീക്ഷ കൊണ്ടല്ല
അവരുടെ കഴിവുകേടും ആത്മസംശയങ്ങളും
കൂടുതൽ സത്യമായേക്കും എന്ന തോന്നൽ കൊണ്ട്.
19/4/2015

Thursday, April 16, 2015

കാലം

സമര ചരിതങ്ങൾ,രക്തസാക്ഷി സ്മരണകൾ
ദുരിതങ്ങളിൽ നിന്നുയിർകൊണ്ട കവിതകൾ
രാത്രികളെ പകലാക്കിപ്പണിതീർത്ത നാടകങ്ങൾ
പാർട്ടിക്ലാസ്സുകൾ,ലഘുലേഖകൾ
കൊണ്ടുപിടിച്ച തർക്കങ്ങൾ, ചർച്ചകൾ
സകലതും മറവിയുടെ മഹാഗർത്തത്തിലേക്കുള്ള
വഴിയിൽ തിക്കിത്തിരക്കുന്നു.
ഞാനോ
സുഖവിവരങ്ങളോരോന്നോരോന്നെന്നോടു തന്നെ തിരക്കി
പിന്നെയും പിന്നെയുമെന്നോട്‌ ലോഹ്യം പറഞ്ഞ്
പകലിലും രാവിലും പലകുറി മുഖം ഫെയ്‌സ്ബുക്കിലിട്ട്
'ഇതാ ലൈക്കിതാലൈക്കെ'ന്ന് മതിമറക്കുന്നു
മറക്കുന്നു.
16/4/2015

Tuesday, April 14, 2015

വിഷുവോർമ

വിഷുവുമായി ബന്ധപ്പെട്ട ബാല്യകാല്യസ്മരണകളിൽ ഏറ്റവും മുന്നിൽ നിൽക്കുന്നത് 'അപ്പം വാങ്ങാൻ പോവൽ' എന്ന പരിപാടിയാണ്.എന്റെ കുട്ടിക്കാലത്ത് ഞങ്ങളുടെ ഗ്രാമത്തിലെ കുട്ടികൾ എല്ലാവരും തന്നെ അവനവന്റെ വീട്ടിൽ നിന്ന് വിഷുക്കണി കണ്ട ഉടൻ ഒരു കുരിയ(കൈതോല
 മെടഞ്ഞുണ്ടാക്കുന്ന ചെറിയ സഞ്ചി)യുമായി ഇറ ങ്ങി ഓരോ വീട്ടിലും കയറിച്ചെല്ലും.ഇങ്ങനെ വരുന്ന കുട്ടികൾക്കു കൊടുക്കാനായി
 എല്ലാ വീട്ടുകാരും അപ്പം ചുട്ടുവെക്കും.മിക്കവാറും ചെറിയ കാരയപ്പം.പത്ത് വീട് കയറിക്കഴിയുമ്പോഴേക്കു തന്നെ കുരിയ നിറഞ്ഞെന്നു വരും.എന്നാലും പിന്നെയും പിന്നെയും ഓരോരോ വീടുകളിൽ ഓടിക്കയറും.
അപ്പം വാങ്ങാൻ പോവുന്നതൊക്കെ നാണംകെട്ട പരിപാടിയാണെന്ന് പിന്നീടുപിന്നീട് പലർക്കും തോന്നിത്തുടങ്ങി.കുട്ടികൾ പതുക്കെപ്പതുക്കെ പിന്മാറാനും തുടങ്ങി.എന്നാലും സംഗതി പൂർണമായും നിലച്ചു പോയി ട്ടില്ല.ജീവിതത്തിലെ ഏറ്റവും മനോഹരമായ അനുഭവങ്ങളിലൊന്നായി ഞാൻ ഇപ്പോഴും ഓർമിക്കുന്നത് അരനൂറ്റാണ്ടിനു മുമ്പുള്ള വിഷുദിനങ്ങളിൽ  കൂട്ടുകാരോടൊപ്പം ഓടിച്ചാടി പല വീടുകളിൽ കയറി അപ്പം വാങ്ങി യതാണ്.കൂട്ടായ്മയുടെ ആഹ്‌ളാദം പൂർണാർത്ഥത്തിൽ ആദ്യമായി അനു ഭവിച്ച സന്ദർഭങ്ങളായിരുന്നു അവ.ഇപ്പോഴിതാ,ഒരു വിഷുദിനം കൂടി വരു മ്പോൾ ആ പഴയ ഓർമകളിൽ  ഉള്ളിലൊരു കൊന്നമരം പൂത്തുലയുന്നതു പോലെ.
14/4/2015

Monday, April 13, 2015

പ്രതീക്ഷകളില്ലാതെ

സമകാലിക കേരളത്തിന്റെ പൊതുബോധം പൊരുത്തപ്പെടലിന്റിന്റെയും കീഴടങ്ങലിന്റെയും ദർശനത്തിന് പൂർണമായും വഴിപ്പെട്ടു കഴിഞ്ഞോ?അങ്ങനെ ചിന്തിക്കാൻ പ്രേരിപ്പിക്കുന്ന വിധത്തിലാണ് കാര്യങ്ങളുടെ കിടപ്പ്.അഴിമതിക്കെതിരെയായാലും അനധികൃതക്വാറികൾക്കെതിരെയായാലും സ്വകാര്യാശുപത്രികളിലെ തൊഴിലാളി ചൂഷണത്തിന് എതിരെയായാലും കുറച്ചുനാൾ ഒച്ചവെച്ച ശേഷം നിശ്ശബ്ദതയിലേക്ക് വഴുതി വീഴുന്ന രാഷ്ട്രീയപ്പാർട്ടികളെയും സന്നദ്ധ സംഘടനകളെയുമൊന്നും ആരും കുറ്റപ്പെടുത്താറില്ല.സംഗതി അത്രയൊക്കെയേ നടക്കൂ എന്ന തോന്നലിൽ ജനം എത്തിക്കഴിഞ്ഞു.കൊലപാതകക്കേസുകളിലെ പ്രതികളെ അറസ്റ്റു ചെയ്യുന്നതു പോലും ഭരിക്കുന്നവരും ഭരണത്തിൽ സ്വാധീനമുള്ളവരും വിചാരിച്ചാൽ എത്രകാലത്തേക്കും നീട്ടിക്കൊണ്ടുപോകാനാവുമെന്ന് ബോധ്യം വരുന്ന വിധത്തിലുള്ള അനുഭവങ്ങളാണ് അവരുടെ മുന്നിലുള്ളത്.രാജ്യത്തിന്റെ സാമ്പത്തിക വ്യവസ്ഥയിൽ സംഭവിക്കുന്ന അട്ടിമറികളെ കുറിച്ച് ഇടതുപക്ഷപ്പാർട്ടികൾ ഇപ്പോഴും പറയുന്നുണ്ടെങ്കിലും ചെറുത്തുനിൽപ് സാധ്യമല്ലെന്ന് ജനങ്ങൾ മനസ്സിലാക്കിക്കഴിഞ്ഞു.ഏത് മേഖലയിലായാലും ബദൽ സാധ്യതകളെ കുറിച്ച് അവർക്ക് കാര്യമായ പ്രതീക്ഷകളൊന്നും ഇല്ല.
സർക്കാർ ഉദ്യോഗസ്ഥന്മാർ,ഇടത്തരം മുതൽ മുകളിലോട്ടുള്ള വ്യാപാരികൾ അവരൊന്നും സമൂഹത്തിലെ ഇതര വിഭാഗങ്ങളിൽ പെടുന്നവരുടെ പ്രശ്‌നങ്ങളെ കാര്യമായി പരിഗണിക്കാറില്ല.ഉദ്യാഗസ്ഥന്മാർക്ക് അവരുടെ സംഘടനകളുണ്ട്.ആ സംഘടനകൾ ഇപ്പോൾ ഏറെക്കുറെ നിർജ്ജീവമാണെങ്കിലും അവർക്ക് അതേപ്പറ്റി പരാതിയൊന്നുമില്ല.വ്യാപാരികൾക്കു പിന്നെ വ്യാപാരത്തിനപ്പുറത്ത് സ്വന്തം വീടും കുടുംബവും കഴിഞ്ഞ് മറ്റ് സംഗതികളെ പറ്റി ആലോചിക്കാനേ നേരം കിട്ടില്ല.ഏറ്റവും അടിത്തട്ടിലുള്ള മനുഷ്യർക്ക് ഈ സംഗതികളൊക്കെ അറിയാം.ഭരണകൂടം നൽകുന്ന ചെറിയ സഹായങ്ങൾക്കും രാഷ്ട്രീയപ്പാർട്ടികളിൽ നിന്ന് ലഭിക്കുന്ന ചെറിയ പരിഗണനകൾക്കും അപ്പുറത്ത് തങ്ങൾക്ക് ഒന്നും പ്രതീക്ഷിക്കാനില്ല എന്ന തിരിച്ചറിവിൽ അവർ എത്തിച്ചേർന്നിരിക്കുന്നു.
13/4/2015

Sunday, April 12, 2015

നേരം പോക്കിനുള്ള ഒരു വഴി

ദിവസവും രാവിലെ  പത്രം വായിച്ച ഉടൻ അയാൾ അഞ്ചെട്ട് സുഹൃത്തുക്കളെ മൊബൈലിൽ വിളിച്ച് രാഷ്ട്രീയത്തിന് സംഭവിക്കുന്ന അധ:പതനത്തെ കുറിച്ച് രോഷം കൊള്ളും.ആദ്യമൊക്കെ സുഹൃത്തക്കൾ അയാളുടെ രോഷത്തിൽ പങ്കചേർന്നിരുന്നു.'ശരി തന്നെ.എവിടെ എത്തിപ്പോയി നമ്മൾ?'എന്നൊക്കെ അവരും പറയും.ഏതെങ്കിലും രാഷ്ട്രീയ നേതാവിന്റെ അഴിമതിയെപ്പറ്റി ഏറ്റവും ഒടുവിൽ കിട്ടിയ വിവരങ്ങൾ അവർ ചൂടോടെ കൈമാറുകയും ചെയ്യും.പോകെപ്പോകെ ഓരോരുത്തരായി ഫോണെടുക്കാതായി.ഒടുവിൽ ബാക്കിയായ ഒരേയൊരു സുഹൃത്ത് അയാളോട് ചോദിച്ചു:
' വാസ്തവത്തിൽ നിങ്ങൾക്ക് ഇതുകൊണ്ടെന്താണ് കിട്ടുന്നത്?ഈ നേതാക്കളും മന്ത്രിമാരും മറ്റും എന്നെങ്കിലും നന്നാവുമെന്ന് തോന്നുന്നുണ്ടോ?'
അയാൾ പറഞ്ഞു:
' എന്റെ പറച്ചിൽ കൊണ്ട് രാഷ്ട്രീയ രംഗത്ത് നേരിയ ഇലയനക്കം പോലും ഉണ്ടാവില്ല.ഞാൻ എന്റെയൊരു സന്തോഷത്തിന് അല്ലെങ്കിൽ മന:സമാധാനത്തിന് നിത്യവും ഇങ്ങനെ പറഞ്ഞുകൊണ്ടിരിക്കുന്നു;അത്രയേ  ഉള്ളൂ.'
സുഹൃത്ത് പറഞ്ഞു:
'എന്റെ കാര്യവും അങ്ങനെ തന്നെ.നിത്യവും നിങ്ങളെ കേട്ടുകൊണ്ടിരിക്കുന്നതിനും പ്രത്യേക ലക്ഷ്യമൊന്നും ഇല്ല.നേരം പോക്കിനുള്ള ഒരു വഴി.അല്ലാതെന്ത്?നമ്മുടെ രാഷ്ട്രീയക്കാരും അവരുടെ പ്രസംഗങ്ങളെയും പ്രസ്താവനകളെയും വെല്ലുവിളികളെയും അങ്ങനെയേ കാണുന്നു ണ്ടാവൂ.വെറും നേരമ്പോക്ക്'
12/4/2015

ഫോക്‌ലോറും എഴുത്തും

കാറും ബൈക്കും മൊബൈലും ഇന്റർനെറ്റും നിത്യജീവിതത്തിന്റെ അവിഭാജ്യഭാഗമായിക്കഴിഞ്ഞ ഒരു ജനതക്ക് സങ്കല്പത്തിലെ ഗ്രാമീണനിഷ്‌ക്കളങ്കത കൊണ്ടുനടക്കാൻ കഴിയില്ല.അതുകൊണ്ട് ദേശസ്വത്വത്തെയും നാടോടിത്തനിമയെയും കുറിച്ചുള്ള ആലോചനകൾക്കു തന്നെ അതിപരിമിതമായ പ്രസക്തിയേ ഉള്ളൂ.എങ്കിലും , ഓരോ ഗ്രാമവും ചെറുനഗരവും ആധുനികജീവിതസൗകര്യങ്ങളുടെയും ആശയവിനിമയ സങ്കേതങ്ങളുടെയും കാര്യത്തിൽ അതിവേഗത്തിൽ ലോകവുമായി കണ്ണിചേർക്കപ്പെടുന്നതിനിടയിൽത്തന്നെ തനതായ ചില സാംസ്‌കാരികഘടകങ്ങളും ആത്മീയാനുഭവങ്ങളെ കുറിച്ചുള്ള ചില സങ്കല്പങ്ങളുമെല്ലാം വൈകാരിക തലത്തിലും അല്പമായ തോതിലെങ്കിലും മൂർത്തമായ അനുഭവത്തിന്റെ തലത്തിലും നിലനിർത്തിപ്പോരുന്നുണ്ട്. അവയുടെ ലോകത്ത് എത്തിപ്പെടുമ്പോഴാണ് എഴുത്തിൽ സ്വയം മറക്കാനാവുന്ന അവസ്ഥ എന്നെ സംബന്ധിച്ചിടത്തോളം യാഥാർത്ഥ്യ മായിത്തീരുന്നത്.വടക്കൻ കേരളത്തിന്റെ ഫോക് മനസ്സുമായി ഏകാന്തയിലിരുന്ന് ദീർഘനേരം സംസാരിക്കുന്നതാണ് ഇപ്പോഴത്തെ എന്റെ ഏറ്റവും വലിയ ആനന്ദം.ആനന്ദത്തിന്റെ ഈയൊരു മഹാസാധ്യത ഞാൻ വളരെ മുമ്പേ കണ്ടെത്തി അതിനെ മാത്രം പിൻപറ്റി പോകാതിരുന്നതിൽ ഇപ്പോൾ ദു:ഖം തോന്നുന്നുണ്ട്.
ഫോക്‌ലോറുമായി പലരും പല തരത്തിലാണ് ബന്ധപ്പെടുന്നത്.ഫോക് കലാകാരന്മാരെ സംബന്ധിച്ചിടത്തോളം അത് മുഖ്യമായും ഒരു തൊഴി ലാണ്.വിശ്വാസത്തിന്റെ പിൻബലം കൂടിയുള്ള തൊഴിൽ.ഫോക് ലോർ ഗവേഷകർക്കും വിദ്യാർത്ഥികൾക്കും അത് പഠനവിഷ യമാണ്.ചിത്ര കാര ന്മാർക്ക് വ്യത്യസ്തമായ ചിത്രണശൈലികൾക്കുള്ള ഉത്തമ മാതൃകകൾ ലഭിക്കുന്ന ഇടമാണ്.ഒരെഴുത്തുകാരന് ഫോക് ലോർ ഇതിൽ നിന്നെല്ലാം വ്യത്യ സ്തമായി ചരിത്രവും ഐതിഹ്യങ്ങളും വിശ്വാസങ്ങളും പ്രാക്തനജീവിത ചിത്രങ്ങളുമെല്ലാം കൂടിച്ചേരുന്ന അസാധാരണമായ അനുഭവമേഖലയാണ്.ഈ വാസ്തവം ഞാൻ ശരിയാം വണ്ണം തിരിച്ചറിയുന്നത് വളരെ വൈകി മാത്രമാ ണ്. .പല കാരണങ്ങളാൽ പ്രാന്തവൽക്കരിക്കപ്പെട്ട മനുഷ്യരിലൂടെ വെളിപ്പെ ടുന്ന ജീവിതസത്യങ്ങൾക്ക് അസാധാരണമായ സൗന്ദര്യമുണ്ട്.ആ സൗന്ദര്യത്തെ കണ്ടറിഞ്ഞവർക്ക് ആഖ്യാനവുമായി ബന്ധപ്പെട്ട സകലമാന തന്ത്രങ്ങളും ദാർശനിക നാട്യങ്ങളും പരിഹാസ്യമായേ അനുഭവപ്പെടൂ.
('ചിരപുരതാന വഴിയിൽ ഒരു സഞ്ചാരി ' എന്ന ശീർഷകത്തിൽ അകം മാസികയുടെ ഏപ്രിൽ 2015 ലക്കത്തിൽ വന്ന
ലേഖനത്തിൽ നിന്ന്.)



Saturday, April 11, 2015

പരാതി

നിരൂപകരാരും തങ്ങളെ ശ്രദ്ധിക്കുന്നില്ലെന്നത് യുവകവികളുടെ പതിവുപരാതികളിലൊന്നാണ്.തങ്ങൾ എഴുതുന്നത് വളരെയേറെ ആളുകൾ വായിക്കണമെന്നും ചർച്ച ചെയ്യണമെന്നുമൊക്കെയുള്ള അവരുടെ ആഗ്രഹം സ്വാഭാവികം.പക്ഷേ,ആ ആഗ്രഹം സഫലീകരിച്ചു കിട്ടാൻ വേണ്ടി അവർ നിരൂപകരുടെ ഔദാര്യം കാത്തിരിക്കേണ്ട ആവശ്യമില്ല.ഒരു കൃതി വായിച്ച് സ്വന്തമായി അഭിപ്രായം രൂപീകരിച്ച് അത് മറ്റുള്ളവരുമായി പങ്കു വെക്കുന്നവരുടെ എണ്ണം വളരെയേറെ കുറഞ്ഞിരിക്കുന്നുവെന്നത് വാസ്തവമാണ്.പക്ഷേ,ബഹുജനം സാഹിത്യകൃതികളെ പറ്റി അഭിപ്രായം പറയാൻ നിരൂപകരുടെ വിധി കാത്തിരിക്കുന്നവരാണ് എന്നു കരുതുന്നത് വിഡ്ഡിത്തമാണ്. 
അവാർഡുകൾ,പ്രമുഖ രാഷ്ട്രീയപ്പാർട്ടികളും സംഘടനകളും നൽകുന്ന പരിഗണന,മാധ്യമങ്ങളിൽ ലഭിക്കുന്ന പരിചരണം ഇവയൊക്കെ ജനത്തിന്റെ അഭിപ്രായ രൂപീകരണത്തെ സ്വാധീനിച്ചേക്കാം.എന്തായാലും എഴുത്തുകാർ ആ വക കാര്യങ്ങളൊന്നും ശ്രദ്ധിക്കേണ്ടതേയില്ല.പുതുകവിതയ്ക്ക് അനുകൂലമായ ഒരു ഭാവുകത്വം രൂപപ്പെടേണ്ടതുണ്ട് എന്ന ആഗ്രഹം വളരെ ശക്തമാണെങ്കിൽ അതിനു വേണ്ടി കൃത്യമായ ധാരണയോടെ പ്രവർത്തിക്കണം.സ്വന്തം തലമുറയിൽ പെടുന്നവരിൽ തനിക്ക് ശ്രദ്ധേയരായി തോന്നുന്നവരെ കുറിച്ച് ഓരോ യുവകവിക്കും സ്വതന്ത്രമായി എഴുതുകയും സംസാരിക്കുകയും ചെയ്യാം.അതിനു പറ്റുന്ന വാരികകൾക്കും മാസികകൾക്കും സാംസ്‌കാരിക സമ്മേളനങ്ങൾക്കും നാട്ടിൽ പഞ്ഞമൊന്നുമില്ല.ലക്ഷക്കണക്കിനാളുകൾ വായിക്കുന്ന പ്രസിദ്ധീകരണങ്ങളിൽത്തന്നെ ഇടം കിട്ടിയേ മതിയാവൂ എന്ന വാശിയിൽ കാര്യമില്ല.
പുതുകവികളെ കുറിച്ച് ഒരക്ഷരം മിണ്ടില്ലെന്ന് തീരുമാനിച്ചുറച്ചും നിരൂപണത്തിന് പുറപ്പെട്ടാൽ തങ്ങളുടെ വില ഇടിഞ്ഞുപോകുമെന്ന് തെറ്റിദ്ധരിച്ചും 'ഞാൻ എന്റെ കവിത എഴുതുന്നു,മറ്റുള്ളവർ എന്തെഴുതിയാലെന്ത് ?'എന്ന നിലപാട് കൈക്കൊണ്ടും കവിതാവിശകലനത്തിന് ആവശ്യമായ കരുക്കൾ നേടുന്നതിൽ തികഞ്ഞ അലംഭാവം പൂണ്ടും വായും പൂട്ടി ഇരിക്കുന്നത് പുതിയ കവിത ബഹുജനശ്രദ്ധയിൽ വരുന്നതിന് തടസ്സമാവുകയേ ഉള്ളൂ.ജനം അങ്ങനെ കവിത വായിക്കുകയൊന്നും വേണ്ട എന്ന ധാർഷ്ട്യവുമായി നിൽക്കുന്നവരെ പറ്റി പ്രത്യേകിച്ചൊന്നും പറയാനില്ല.തങ്ങളെഴുതുന്നതിനെ ആരും ശ്രദ്ധിക്കുന്നില്ല,നിരൂപകർ ഗൗനിക്കുന്നില്ല,ആനുകാലികങ്ങളിൽ അവയെ കുറിച്ച് പഠനങ്ങൾ വരുന്നില്ല എന്നൊക്കെയുള്ള പരാതിപ്പെടൽ അവരുടെ ഭാഗത്തു നിന്നെങ്കിലും ഉണ്ടാവരുതെന്ന് ആഗ്രഹിക്കുന്നു;അത്രമാത്രം.



Friday, April 10, 2015

ഒരു നിശ്ചയം

  ഞാൻ എഴുതിയ രാഷ്ട്രീയകഥകളും കവിതകളും അനാവശ്യമായിപ്പോയി എന്ന തോന്നൽ ഇപ്പോഴും എനിക്കില്ല.ഓരോ സന്ദർഭത്തിൽ എന്നിൽ നിന്ന് സ്വാഭാവികമായി ഉണ്ടായ  പ്രതികരണങ്ങളാണവ.എന്നാൽ രാഷ്ട്രീയ കക്ഷികളുടെ ചെയ്തികളിൽ രോഷം പൂണ്ടോ,ദു:ഖിച്ചോ ഇനി ഞാൻ എഴുതാനുള്ള സാധ്യത നന്നേ കുറവാണ്.മലയാളത്തിലെ വായനക്കാരിൽ ബഹുഭൂരിപക്ഷവും എന്ത് ചിന്തിക്കുന്നു,എന്താഗ്രഹിക്കുന്നു എന്നതിനെ കുറിച്ചൊക്കെ ഇപ്പോൾ എനിക്ക് കൃത്യമായ ധാരണയുണ്ട്.എല്ലാ രാഷ്ട്രീയ കക്ഷികളും ചേർന്ന് നിലനിർത്തുന്ന രാഷ്ട്രീയം എന്ന വ്യവഹാരത്തോട്,അത് എത്രമേൽ അധാർമികമായി തീർന്നാലും,അവർക്കുള്ള വിധേയത്വം അചഞ്ചലമായിത്തന്നെ തുടരും.അവരെ ഭയക്കുന്നതു കൊണ്ടല്ല,അവരെ അപ്പാടെ അവഗണിച്ചാൽ മാത്രമേ എന്നിലെ എഴുത്തുകാരനോട് നീതി കാണിക്കാനാവൂ എന്നതുകൊണ്ടാണ് മേലിൽ എന്റെ എഴുത്തിൽ കക്ഷിരാഷ്ട്രീയവ്യവഹാരങ്ങളുമായി ബന്ധപ്പെട്ട ഒരു സംഗതിക്കും ഇടം നൽകരുതെന്ന നിശ്ചയത്തിൽ ഞാൻ എത്തിച്ചേർന്നിരിക്കുന്നത്.
ഏപ്രിൽ 10,2015

Thursday, April 9, 2015

സ്വതന്ത്ര കൂട്ടായ്മകൾ അത്യാവശ്യം

കൂത്തുപറമ്പിൽ ചില സുഹൃത്തുക്കൾ ചേർന്ന് 'കൂട്ട് '
 എന്ന പേരിൽ ഒരു കൂട്ടായ്മക്ക് രൂപം നൽകിയിട്ടുണ്ട് ഈയിടെ.അതിനു മുമ്പേ തന്നെ കാസർകോട് ജി.ബി.വൽസൻ മാഷും എം.എ.റഹ് മാനും മറ്റു ചിലരും ചേർ ന്ന് ഒരു             കാസർകോടൻ കൂട്ടായ്മ രൂപീകരിച്ചിരുന്നു.
സാഹിത്യത്തെയും രാഷ്ട്രീയത്തെയും  മറ്റ് സാമൂഹ്യാനുഭവങ്ങളെയും കേന്ദ്രീകരിച്ചുള്ള സ്വതന്ത്രമായ ആശയവിനമിയങ്ങൾ ലക്ഷ്യമാക്കി  തീർത്തും അനൗപചാരികമായി അൽപനേരം കൂടിയിരിക്കണം എന്ന ആഗ്രഹം ഉള്ളിൽ കൊണ്ടു നടക്കുന്ന ഏതാനും പേർ എല്ലാ നാട്ടിലും ഉണ്ടാവും.തങ്ങളുടെ ആഗ്രഹം സഫലമാക്കുന്നതിനു വേണ്ടി അവർ മുന്നോട്ടിറങ്ങാത്തത് പ്രധാനമായും അതാത് പ്രദേശത്ത് മേൽക്കയ്യുള്ള രാഷ്ട്രീയ കക്ഷിയെ ഭയന്നിട്ടായിരിക്കും.എന്നാൽ  രാഷ്ട്രീയമായ ഗൂഢലക്ഷ്യങ്ങളൊന്നും മനസ്സിലില്ലെങ്കിൽ ചെറിയ ഒരു സാംസ്‌കാരിക സംഘമായി മാറുന്നതിനെ കുറിച്ചുള്ള ആശങ്കകൾ അനാവശ്യമാണ്.ഇന്നത്തെ നിലയിൽ സ്വതന്ത്രമായ സാംസ്‌കാരിക കൂട്ടായ്മകൾ കേരളത്തിലെ എല്ലാ ഗ്രാമങ്ങളിലും നിലവിൽ വരുന്നത് വളരെ അത്യാവശ്യമായിരിക്കയാണ്.വ്യക്തികൾ പണവും പദവിയുമായി ബന്ധപ്പെട്ട കാര്യവിചാരങ്ങൾക്ക് പുറത്തു കടക്കാതിരിക്കുകയും അവനവന്റെ ജീവിതവിജയത്തിനു വേണ്ടിയുള്ള കരുനീക്കങ്ങളിൽ മാത്രം ശ്രദ്ധകേന്ദ്രീകരിക്കുകയും രാഷ്ട്രീയം അധികാരവുമായി ബന്ധപ്പെട്ട അടവുകൾക്കും നീക്കുപോക്കുകൾക്കും അപ്പുറം കടക്കുന്നത് വിരളമാവുകയും ചെയ്യുന്ന അവസ്ഥ ഉൽപാദിപ്പിക്കുന്ന ബൗദ്ധികവും വൈകാരികവുമായ ഇടുക്കിൽ ഒരു ജനത മുഴുവൻ അകപ്പെട്ടുപോയാൽപ്പിന്നെ പൊതുജീവിതത്തിൽ എവിടെ നിന്നാണ് കാറ്റും വെളിച്ചവും കടന്നുവരിക?
9/4/2015

Wednesday, April 8, 2015

കരുണാകരൻ മാഷ്

തലശ്ശേരിക്കാരുടെ 'കരുണാകരൻ മാഷ് ',ആർട്ടിസ്റ്റ് പി.എസ് കരുണാകരൻ  അന്തരിച്ചു.വാട്ടർ കളറിൽ കരുണാകരൻ മാഷ് ചെയ്ത ലാന്റ് സ്‌കേപ്പ് ചിത്ര ങ്ങൾ കണ്ടിട്ടില്ലാത്തവർ ക ണ്ണൂർ ജില്ലയിൽ കഴിഞ്ഞ നാല് പതി റ്റാണ്ടിലേറെ കാലത്തിനിടയിൽ ചിത്രകലാപ്രവർത്തനങ്ങളുമായി  ഏതെങ്കിലും തരത്തിൽ ബന്ധപ്പെട്ടവരിൽ ആരും തന്നെ ഉണ്ടാവില്ല.
ചിത്രകലാ ക്യാമ്പുകളിൽ വളരെ ചുരുങ്ങിയ സമയത്തിനുള്ളിൽ വളരെ അനായാസമെന്നു തോന്നും പടി കരുണാകരൻ മാഷ് ലാന്റ് സെക്‌യ്പ്പ് ചെയ്യുന്നത് പല തവണ കാണാനുള്ള അവസരമുണ്ടാ യിട്ടുണ്ട്.ശാന്ത സ്വഭാവിയായ കരുണാകരൻ മാഷുടെ പെരുമാറ്റം എല്ലായ്‌പ്പോഴും അങ്ങേയറ്റം മാന്യമായിരുന്നു. വളരെ പ്രഗത്ഭനായ അധ്യാപകനായിരുന്നു കരുണാകരൻമാഷെന്നും അദ്ദേഹത്തിന്റെ വിദ്യാർത്ഥിയായി  ഇരി
ക്കാൻ കഴിഞ്ഞത് വലിയ ഭാഗ്യമാണെന്നും തലശ്ശേരിയിലെയും പരിസര പ്രദേശങ്ങളിലെയും പല ചിത്രകാരന്മാരും നേരത്തേ തന്നെ സ്വകാര്യ സംഭാഷണങ്ങളിൽ പലപ്പോഴും പറയാറുണ്ടായിരുന്നു.

8/4/2015

Tuesday, April 7, 2015

സ്വാന്തന സംഗീതം

1980 മുതൽ കൺസൾട്ടന്റ് സൈക്യാട്രിസ്റ്റായി തലശ്ശേരിയിൽ പ്രാക്ടീസ് ചെയ്തു വരുന്ന ഡോ.സി.കെ ഗംഗാധരന് 70 വയസ്സ് തികയുകയാണ്.സപ്തതി ആഘോഷത്തിന്റെ ഭാഗമായി അദ്ദേഹത്തിന്റെ 'സ്വാന്തനസംഗീതം' എന്ന പുസ്തകം ഇന്ന് പ്രകാശനം ചെയ്യുന്നു.കവിതകൾ,ലളിത ഗാനങ്ങൾ,നാടക ഗാനങ്ങൾ,ഗസലുകൾ,ഹൈക്കുകൾ .ഒരു നാടൻ പാട്ട് എന്നിവയുടെ സമാഹാരമാണ് 'സ്വാന്തനസംഗീതം.'
ചികിത്സാരംഗത്തെ തന്റെ അനുഭവങ്ങളും അറിവുകളും രണ്ടുമൂന്ന് കവിതകളിൽ കടന്നുവരുന്നുണ്ടെന്നതൊഴിച്ചാൽ കവിത,ഗാനം,ഗസൽ തുടങ്ങിയ രൂപങ്ങളെ കുറിച്ചുള്ള ധാരണകളെ പ്രയോജനപ്പെടുത്തി സാധാരണ രീതിയിൽ എഴുതപ്പെട്ടവയാണ് സ്വന്തനസംഗീതത്തിലെ മറ്റ് രചനകളെല്ലം.
ഡോ.ഗംഗാധരൻ ഒരു മനോരോഗചികിത്സകനാണെന്നതു കൊണ്ട് ഈ പുസ്തകത്തിലൂടെ കടന്നു പോവുമ്പോ ൾ സ്വാഭാവികമായും ഉയരുന്ന ആദ്യ ചോദ്യം അദ്ദേഹത്തെപ്പോലൊരാളെ കവിതയിലേക്ക് എത്തിച്ച പ്രേരണകൾ എന്തൊക്കെയാവാം എന്നതു തന്നെ.സംഗീതം,നാടകം തുടങ്ങിയ കലകളുമായി ചെറുപ്പം മുതൽക്കേ ഉണ്ടായ അടുപ്പമാവാം ഡോ.ഗംഗാധരനെ കവിതയെഴുതാൻ പ്രേരിപ്പിച്ചത്.ഒരു മനോരോഗചികിത്സനെന്ന നിലക്ക് അനേകം മനസ്സുകളുടെ ആഴങ്ങളിലൂടെ സഞ്ചരിക്കാൻ അവസരം ലഭിച്ചിട്ടും ആ അനുഭവങ്ങളുടെ പിൻബലത്തോടെ വളരെ സങ്കീർണവും ദുരൂഹവുമായ മനോനിലകളുടെയോ ചിന്തകളുടെയൊ ഒന്നും ആവിഷ്‌ക്കാരത്തിന് അദ്ദേഹം ശ്രമിച്ചിട്ടില്ല.പകരം കവിത,നാടകഗാനം എന്നിവയെക്കുറിച്ചൊക്കെയുള്ള ബഹുജനങ്ങളുടെ സങ്കല്പവുമായി ഇണങ്ങിപ്പോവുന്ന വിധത്തിൽ തന്നെയാണ് അദ്ദേഹം തന്റെ ആശയങ്ങൾ അവതരിപ്പിച്ചിട്ടുള്ളത്.ഈ സമാഹാരത്തിലെ ഏറ്റവും നല്ല രചന ഏറ്റവും ലളിതമായ രചന കൂടിയായ ഒരു നാടൻ പാട്ട് ആണ്.കല്ലിന്റിടുക്കിലെ കുങ്കൻ ഞണ്ടിന്റെ കല്യാണത്തിന് മീനുകളെല്ലാം ഒരുക്കങ്ങളുമായി എത്തിയപ്പോൾ നീർനായക്കൂട്ടം ഇടിച്ചിറങ്ങി മീനുകളെ മുഴുവൻ വിഴുങ്ങിക്കളഞ്ഞ ദുരന്ത സംഭവമാണ് ഇതിലെ പ്രതിപാദ്യം.നന്നായി ആലപിക്കുകയാണെങ്കിൽ ചെറിയ കുട്ടികൾ തൊട്ട് എല്ലാവരും തീർച്ചയായും ഈ പാട്ടിൽ മുഴുകി ഇരിക്കും.
7/4/2015

ഈ നന്ദികേട് തുടരരുത്

തെയ്യംകലാകാരന്മാരുടെ ദുരിതജീവിതത്തെ വളരെ അരികെനിന്ന് നിരീക്ഷിച്ചറിഞ്ഞ ഒരു ഡെക്യുമെന്ററി സംവിധായകനാണ് വി.കെ.അനിൽകുമാർ.കച്ചവടക്കണ്ണോടെയോ പൊങ്ങച്ചപൂർണമായ ഉത്സാഹത്തോടെയോ അല്ല,തികഞ്ഞ അനുഭാവത്തോടും ആദരവോടും  അധ്വാനസന്നദ്ധതയോടും കൂടിയാണ് അനിൽ തിരക്കഥയും ക്യാമറയുമായി തെയ്യത്തെ സമീപിച്ചത്.അതിന്റെ ഗുണങ്ങൾ 'മേലേരി'യിലും 'ദൈവക്കരു'വിലും കാണാം.
'ജീവിതത്തോട് തോൽക്കുകയാണ് തെയ്യങ്ങൾ' എന്ന അനിൽകുമാറിന്റെ മാതൃഭൂമി(2015,ഏപ്രിൽ 5-11) ലേഖനത്തിൽ ഇക്കാലത്തെ തെയ്യം കലാകാരന്മാർക്ക് ഒരു ഘട്ടം കഴിയുമ്പോൾ അനുഭവിക്കേണ്ടി വരുന്ന ശാരീരികാവശതകളെയും നേരിടേണ്ടി വരുന്ന രോഗങ്ങളെയും കുറിച്ചുള്ള ഹൃദയസ്പർശിയായ വിവരണമുണ്ട്.തെയ്യം കല ഇന്ന് അഭിമുഖീകരിക്കുന്ന പ്രതിസന്ധികളുടെ പ്രധാന വശങ്ങൾ അനിൽ തൊട്ടുകാണിക്കുന്നുമുണ്ട്.
വടക്കൻ കേരളത്തിലെ ജനങ്ങളുടെ പല താൽപര്യങ്ങൾ തെയ്യത്തിന്റെ നിലനിൽപിനു പിന്നിൽ പ്രവർത്തിക്കുന്നുണ്ട്.തെയ്യപ്പറമ്പിലേക്ക് പോകുന്ന ഒരാൾ  എല്ലാ പ്രായക്കാരായ സ്ത്രീപുരുഷന്മാരുടെതുമായ ജാതിമതാതീതമായ ഒരു കൂട്ടായ്മയുടെ ഭാഗമാവുകയാണ്; പ്രത്യക്ഷത്തിൽ ഏതാനും മണിക്കൂറുകളിലേക്കെങ്കിലും.അതിന്റെ ആഹ്ലാദമാണ് തെയ്യപ്പറമ്പ് നൽകുന്ന പ്രാഥമികമായ അനുഭവം. മതാതീതം എന്ന അവസ്ഥ ഇപ്പോൾ മാറിക്കൊണ്ടിരിക്കയാണ് എന്നത് ദു:ഖകരമായ ഒരു വസ്തുതയാണ്.അത് തീർച്ചയായും തെയ്യം എന്ന സാമൂഹ്യാനുഭവത്തിന് മങ്ങലേൽപ്പിക്കും.
ക്ഷേത്രങ്ങളിൽ പ്രതിഷ്ഠിക്കപ്പെട്ടിരിക്കുന്ന ഹിന്ദു ദൈവങ്ങളുടെ ദർശനം കൊതിച്ചു ചെല്ലുന്ന മനോഭാവത്തോടെയല്ല തികഞ്ഞ ഭക്തന്മാർ പോലും തെയ്യംകാണാൻ  പോവുന്നത്.തെയ്യം നിലനിൽക്കുകയും ഉൽപാദിപ്പിക്കുകയും ചെയ്യുന്ന വിശ്വാസത്തിന്റെ തലം വേറൊന്നാണ്.
 തെയ്യത്തെ ഭക്തിപുരസ്സരം സമീപിച്ച് അനുഗ്രഹങ്ങൾ സ്വീകരിക്കുന്നതിന്റെ തിരക്ക് എല്ലാ തെയ്യപ്പറമ്പുകളിലും കാണാമെങ്കിലും ഇക്കാലത്ത് വളരെയേറെ ആളുകൾ തെയ്യത്തെ ഒരു കലാരൂപമായിക്കൂടിയാണ് കാണുന്നത്.അങ്ങനെ മാത്രം കാണുന്നവരും ധാരാളമുണ്ട്അനുഷ്ഠാനകല,തെയ്യംകലാകാരൻ തുടങ്ങിയ പ്രയോഗങ്ങൾക്ക് സർവസമ്മതി വന്നുകഴിഞ്ഞു.ഫോക്‌ലോർ പഠനങ്ങളും സെമിനാറുകളും അച്ചടി/ദൃശ്യ മാധ്യമങ്ങളിലെ വാർത്തകളും തെയ്യത്തോടുള്ള മനോഭാവത്തിൽ ഈവിധമൊരു മാറ്റമുണ്ടാവുന്നതിന് കാരണമായിട്ടുണ്ട്.തെയ്യത്തിന് അതുകൊണ്ടുണ്ടായ നഷ്ടത്തെ പറ്റി വിലപിക്കുന്ന പല പണ്ഡിതന്മാരെയും കാണാം. തെയ്യം ഒരു പഠനവസ്തു ആകുന്നതിലും മൊബൈലിൽ നൂറുകണക്കിനാളുകൾ തെയ്യത്തിന്റെ ഫോട്ടോ എടുക്കുന്നതിലും തെയ്യം സംബന്ധിച്ച വാർത്തകൾ പത്രങ്ങളിലും ടി വി ചാനലുകളിലും വരുന്നതിലും തെയ്യത്തെ കുറിച്ച് ഡോക്യുമെന്ററികൾ ഉണ്ടാവുന്നതിലും തെറ്റില്ലെന്നു കരുതുന്ന ഒരു സമൂഹം തെയ്യത്തോട് മുമ്പൊരു കാലത്തുണ്ടായിരുന്ന ഭയഭക്തിബഹുമാനങ്ങൾ അതേ അളവിലും തരത്തിലും നിലനിർത്തണമെന്ന് ആഗ്രഹിക്കുന്നതിൽ അർത്ഥമില്ല.
അനിൽകുമാറിന്റെ ലേഖനം ഉന്നയിക്കുന്ന പ്രശ്‌നം മറ്റൊന്നാണ്.എന്ത് താല്പര്യത്തിന്റെ പേരിലായാലും സമൂഹം ആഹ്‌ളാദപൂർവം കൊണ്ടാടുന്ന തെയ്യത്തെ ബഹുജനത്തിനു മുന്നിൽ അവതരിപ്പിക്കുന്ന കലാകാരന്മാരെ,കോലധാരികളെ അവർക്ക് അവശതകളും ദുരിതങ്ങളും വരുന്ന കാലത്ത് പാടേ അവഗണിക്കുന്നത് കടുത്ത നന്ദികേടാണ്,ക്രൂരതയാണ്.ഈ പ്രശ്‌നത്തിന് തീർച്ചയായും ഉടനടി പരിഹാരമുണ്ടാക്കണം.തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും സംസ്ഥാന സർക്കാരും താലപര്യമെടുത്താൽ അത് അനായാസമായി സാധിക്കാവുന്നതേയുള്ളൂ.മറ്റ് പലതിനും പണം ചെലവഴിക്കുന്ന സർക്കാറിന് പതിനായിരങ്ങൾക്ക് ആനന്ദവും അവരിൽ കുറേ പേർക്കെങ്കിലും ആത്മീയാനുഭൂതികളും പകർന്നേകുന്ന കലാകാരന്മാരുടെ കാര്യം ശ്രദ്ധിക്കാൻ തീർച്ചയായും ബാധ്യതയുണ്ട്.
7/4/2015

Monday, April 6, 2015

തോമസ് ട്രാൻസ്‌ട്രോമർ

"പന്തുന്നഹൃദയവുമായി കാട്ടിലൂടെ ഓടുന്ന
 ഒരു മത്സര ഓട്ടക്കാരൻ
കയ്യിലേന്തിയ വടക്കുനോക്കി യന്ത്രത്തിലെ                                      സൂചിപോലെയാണ് ഞാൻ."
ഇക്കഴിഞ്ഞ മാർച്ച് 26 ന് 83ാം വയസ്സിൽ അന്തരിച്ച നോബൽ സമ്മാനജേതാവായ വിഖ്യാതകവി ടോമസ് ട്രാന്‌സ്‌ട്രോമറുടെ  (Tomas Transtromer) 'വീട്ടിലേക്ക്' എന്ന കവിതയിലേതാണ് ഈ വരികൾ.
'ചരിത്രത്തെ കുറിച്ച് 'എന്ന കവിതയിൽ ട്രാൻസ്‌ട്രോമർ എഴുതി: "പുരോഗമനക്കാരും പിന്തിരിപ്പന്മാരും
ഒരസ്വസ്ഥ ദാമ്പത്യത്തിലെന്ന പോലെ
അന്യോന്യം പരുവപ്പെടുത്തിയും
പരസ്പരം ആശ്രയിച്ചും കഴിയുകയാണ്
അവരുടെ കുട്ടികളായ നാം
പക്ഷേ                                                                                                                                                   ഈ തടവ് തകർത്ത് രക്ഷപ്പെടണം
ഓരോ പ്രശ്‌നവും അതാതിന്റെ ഭാഷയിൽ നിലവിളിക്കുന്നു
സത്യം ചവുട്ടിയരക്കപ്പെട്ടിരിക്കുന്നിടത്തേക്ക്
ഒരു വേട്ടപ്പട്ടിയെ പോലെ പോവുക."                                                                              ഇനി
'കറുത്ത പോസ്റ്റ് കാർഡുകൾ' എന്ന കവിതയിലെ ഈ വരികൾ നോക്കുക:
ജീവിതത്തിന്റെ മധ്യഘട്ടത്തിൽ
"മരണം വന്ന് നിങ്ങളുടെ അളവെടുക്കുന്നു
ആ സന്ദർശനം മറവിയിലേക്ക് മായുന്നു
ജീവിതം മുന്നോട്ട് പോവുന്നു
പക്ഷേ,നിങ്ങളുടെ കുപ്പായം
നിശ്ശബ്ദതയിൽ തയ്ക്കപ്പെടുക തന്നെ ചെയ്യുന്നു."
ഒറ്റ വായനയിൽ ട്രാൻസ്‌ട്രോമറുടെ പല കവിതകളും വളരെ ലളിതമായി തോന്നാം.പക്ഷേ,അവയുടെ ആഴവും മുഴക്കവും അപാരമാണ്.. ഒരു ഇൻഡസ്ട്രിയൽ സൈക്കോളജിസ്റ്റെന്ന ജോലി നോക്കിയതിന്റെ അനുഭവങ്ങൾ മനസ്സിന്റെ ആഴങ്ങളിലെ സൂക്ഷ്മചലനങ്ങളെ ഏറ്റവും മിതവും സാന്ദ്രവുമായ വാക്കുകളിൽ കവിതയിലേക്ക് ആനയിക്കുന്നതിന് ട്രാൻസ്‌ട്രോമർക്ക് പ്രേരണയായിരുന്നിരിക്കാം.
ഡേവിഡ് #ോർ (David Orr) 2011 ഒക്‌ടോബർ 6 ന്റെ ന്യൂയോർക് ടൈംസിൽ എഴുതി: 'ലക്ഷണം തികഞ്ഞ ഒരു ട്രാന്‌സ്‌ട്രോമർ കവിത വിദഗ്ധലാളിത്യത്തിലുള്ള പരിശീലനമാണ്.അതിൽ താരതമ്യേന മിതവ്യയസ്വഭാവമുള്ള  ഭാഷ സ്തുത്യർഹമായ ആഴം കൈവരിക്കുന്നു.ഓരോ വാക്കും മില്ലീമീറ്ററിൽ അളന്നെടുത്തതു പോലെ നോന്നും.ഏകദേശം 60 കൊല്ലത്തിലധികം വരുന്ന കാവ്യജീവിതവൃത്തികൊണ്ട് അദ്ദേഹം ചെത്തിമിനുക്കിയെടുത്ത രചനകളുടെ മൊത്തം വലിപ്പം 200 പേജോളമേ വരൂ. സ്വീഡിഷ് അക്കാദമി സെക്രട്ടറി Peter Englund, പറഞ്ഞു:                             "ലോകവ്യാപകമായി അദ്ദേഹത്തിന് കൈവന്ന വിജയത്തിന്റെ രഹസ്യം ദൈനംദിന ജീവിതകാര്യങ്ങളെ കുറിച്ചാണ് അദ്ദേഹം എഴുതുന്നത് എന്നതു തന്നെയാണ്.ട്രാൻസ്‌ട്രോമറുടെ കവിതകളിൽ കാണുന്ന വാക്കുകളുടെ മിതവ്യയം മൊത്തം ഉൽപന്നത്തിന്റെ അളവിലും സ്പഷ്ടമാകു ന്നുണ്ട്.അദ്ദേഹത്തിന്റെ കൃതികളുടെ കാമ്പ് 220 പേജുള്ള ഒരു പോക്കറ്റ് ബുക്കിൽ ഉൾക്കൊള്ളാൻ മാത്രമേ ഉള്ളൂ."

Sunday, April 5, 2015

കാലഹരണം

ഒരു ഘട്ടത്തിൽ വളരെ പ്രസക്തവും മൗലികവുമായി തോന്നിയ ആശയങ്ങൾ ഏതാനും വർഷങ്ങൾ കഴിയുമ്പോൾ വളരെ സാധാരണവും അയുക്തികവുമായി തോന്നാം.ആശയങ്ങൾ അവതരിപ്പിച്ചവരുടെ കുറ്റം കൊണ്ടല്ല അങ്ങനെ സംഭവിക്കുന്നത്.കാലം ജീവിതത്തിന്റെ സാമ്പത്തികവും ഭൗതികവുമായ സാഹചര്യങ്ങളിൽ വരുത്തിത്തീർക്കുന്ന മാറ്റങ്ങളാണ് ആശയങ്ങൾക്ക് അവയുടെ പഴയ മൂല്യവും സൗന്ദര്യവും നഷ്ടപ്പെടുത്തുന്നത്.ജീവിതാവശ്യങ്ങളും ജീവിതത്തിന്റെ സാധ്യതകളും ആശയനിർമാണത്തിന്റെയും വിനിമയത്തിന്റെയും സഞ്ചാരത്തിന്റെയുമെല്ലാം മേഖലകളിൽ വന്നുചേർന്ന പുത്തൻസൗകര്യങ്ങളും വ്യക്തികളുടെ ദൈനംദിനജീവിതത്തിന്റെയും സാമൂഹ്യജീവിതത്തിന്റെയും ഘടനയെത്തന്നെ മാറ്റിക്കഴിഞ്ഞാൽ പുതിയ ചിന്തകളും മനോഭാവങ്ങളും പ്രവർത്തനരീതികളുമൊക്കെ ആവശ്യമായി വരും.അത് അംഗീകരിക്കുന്നതിനു പകരം ചില ഗൃഹാതുരതകളുമായി കാലം കഴിക്കുന്നത് നിഷ്പ്രയോജകമാണ്.
മാർക്‌സിസമോ ഗാന്ധിസമോ പുതിയ കാലത്തെ വ്യക്തിഗത പ്രശ്‌നങ്ങളെയോ സാമൂഹ്യപ്രശ്‌നങ്ങളെയോ നേരിടുന്നതിന് സഹായകമാവുന്നില്ലെന്നതു കൊണ്ട് ഈ ദർശനങ്ങൾ പൂർണമായും കാലഹരണപ്പെട്ടുവെന്ന് അർത്ഥമാകുന്നില്ല.കാലം അവയിലെ ചില അംശങ്ങളെ കൂടെ കൂട്ടിയാണ് മുന്നോട്ടു പോവുന്നത്.ചില മേഖലകളിൽ ചില തലങ്ങളിൽ ആ അംശങ്ങൾ പ്രവർത്തനക്ഷമവാവുകയും ചെയ്യും.അത്രയും സംഭവിക്കുന്നുണ്ട് എന്നു മാത്രമല്ല,അത്രയുമേ സംഭവിക്കുന്നുള്ളൂ എന്നു കൂടി നാം അറിയുക തന്നെ വേണം.
                                                                                                           5/4/2015

Saturday, April 4, 2015

പരസ്പരം

അനുഭവങ്ങൾക്കും വ്യാഖ്യാനങ്ങൾക്കും
വഴി വെവ്വേറെയായിരിക്കുന്നു
ബുദ്ധിജീവികളും ഗവേഷകരും മാത്രമല്ല
പൊതുജനവും കാര്യം തിരിച്ചറിഞ്ഞു കഴിഞ്ഞു
എങ്കിലും ആരുമാരും തമ്മിൽ പിണങ്ങുന്നില്ല
പരസ്പരം കബളിപ്പിച്ച് സ്‌നേഹം നിലനിർത്താൻ
സകലരും പഠിച്ചു കഴിഞ്ഞു.
4/4/2015

Friday, April 3, 2015

നമ്മുടെ ഉണ്മയിൽ

അഭിപ്രായസ്ഥിരത പ്രകീർത്തിക്കപ്പെടേണ്ടുന്ന ഒരു ഗുണമായിട്ടാണ് പൊതുവെ കരുതപ്പെട്ടു പോരുന്നത്.എന്നാൽ നേർവിപരീതമായ കാഴ്ചപ്പാട് ജീവിത്തിൽ ഉടനീളം നിലനിർത്തിയ ആളാണ് പോർത്തുഗീസ് എഴുത്തുകാരനായ ഫെർനാൺഡോ പെസ്സോ(1888- 1935). എഴുപതിലധികം പേരുകളിലാണ് അദ്ദേഹം എഴുതിയത്.അത്രയും വ്യത്യസ്തമായ അഭിരുചികൾക്കും അഭിപ്രായങ്ങൾക്കും ദർശനങ്ങൾക്കുമൊക്കെ ഇടമുള്ള ഒന്നായിട്ടാണ് പെസ്സോ തന്റെ സർഗാത്മക വ്യക്തിത്വത്തെ കണ്ടത്. ബഹുസ്വരത എന്നത് ഏത് വ്യക്തിയെ സംബന്ധിച്ചിടത്തോളവും സ്വാഭാവികം മാത്രമാണ്.ചിന്തയിലെ വിരുദ്ധ നിലപാടുകളിൽ ഒന്നിനെ മറ്റൊന്നിനു വേണ്ടി ഹനിക്കുന്നത് ശരിയല്ല.അതും ശരി,ഇതും ശരി എന്നു പറയുന്നത് പല കാര്യങ്ങളെ സംബന്ധിച്ചും ശരിയാണ് എന്നൊക്കെയുള്ള ആധുനികോത്തര ശരികൾ വിഭാവനം ചെയ്യപ്പെടുന്നതിന് എത്രയോ മുമ്പാണ് ഫെർനാൺഡോ പെസ്സോ ഈ നിലപാടിനെ തന്റെ എഴുത്തുജീവിതത്തിന്റെ .അച്ചുതണ്ടാക്കിയത്.

' നാം ഓരോരുത്തരും പലരാണ്.സ്വത്വങ്ങളുടെ  അതി ബാഹു ല്യം.ചുറ്റുപാ ടുകളെ തിരസ്‌കരിക്കുന്ന ഒരാളും ചുറ്റുപാടുകളിൽ ആനന്ദമോ ദു:ഖമോ കണ്ടെത്തുന്ന മറ്റൊരാളും നമ്മിൽ തന്നെയുണ്ട്.അവർ ഒരേ ആളല്ല.നമ്മുടെ ഉണ്മയുടെ കോളനിയിൽ വ്യത്യസ്തമായി ചിന്തിക്കുകയും അനുഭവിക്കുകയും ചെയ്യുന്ന അനേകം ജനവർഗങ്ങളുണ്ട്.'അശാന്തിയുടെ പുസ്തക(The Book of Disquiet)ത്തിൽ പൊസ്സോ എഴുതി .(കുറിപ്പ്- 396).ഈ നിലപാടിനെ ആരോഗ്യകരമായ അർത്ഥത്തിൽ സ്വീകരിക്കുകയാണെങ്കിൽ പല വ്യക്തികളുടെയും ബൗദ്ധിക ജീവിതത്തിലെ വൈരുദ്ധ്യങ്ങളെ തെളിഞ്ഞ മനസ്സോടെ നോക്കിക്കാണാനും അന്യരുടെ അഭിപ്രായങ്ങളെയും ചിലപ്പോൾ ആ അഭിപ്രായങ്ങളിലെ വൈരുധ്യങ്ങളെയും വിദ്വേഷരഹിതമായി മനസ്സിലാക്കാനും കഴിയും.                         
3/4/2015


Thursday, April 2, 2015

വിചിത്ര രാഷ്ട്രീയം

ടി.പി.ചന്ദ്രശേഖരന്റെ കൊലപാതകത്തെ തുടർന്ന് ഞാൻ സി.പി.എംന് എതിരെ  രൂക്ഷമായ ഭാഷയിൽ പല വിമർശനങ്ങളും ഉന്നയിച്ചിരുന്നു.പക്ഷേ, എസ്.എഫ്.ഐ,ഡി.വൈ.എഫ്.ഐ,പുകസ തുടങ്ങിയവയുടെ ചില പ്രവർത്തകരും ഏതാനും പാർട്ടിക്കാരുമല്ലാതെ നേതാക്കളാരും എന്റെ നേർക്ക് ശത്രുതാ മനോഭാവം കാണിച്ചില്ല.ഞാൻ അവരുമായോ പാർട്ടി എന്ന സംവിധാനവുമായോ കുറച്ചധികം കാലമായി ബന്ധപ്പെടാറില്ല.വ്യക്തിപരമായ പ്രശ്‌നങ്ങളൊന്നും ഉണ്ടായിട്ടല്ല.മാർക്‌സിസത്തിന്റെ പല ദശകങ്ങളായുള്ള ഏറെക്കുറെ നിശ്ചലമായ അവസ്ഥയും കമ്യൂണിസ്റ്റ് പാർട്ടി അധികാരത്തിൽ വന്ന രാജ്യങ്ങളിലെ അനുഭവങ്ങളെ വസ്തുനിഷ്ഠമായി പരിശോധിക്കുന്നതിൽ ഇന്ത്യയിലെ കമ്യൂണിസ്റ്റ് നേതൃ ത്വം കാണിച്ചു വരുന്ന കടുത്ത ഉദാസീനതയും കാരണം എനിക്ക് മാർക്‌സിസത്തിൽ തന്നെ താൽപര്യമില്ലാതായിത്തുടങ്ങിയിട്ട് കുറച്ചു കാലമായി.ഒരിക്കലും പാർട്ടി പ്രവർത്തകനായിരുന്നിട്ടില്ലാത്ത എനിക്ക് മാർക്‌സിസത്തിന്റെ ചരിത്രവ്യാഖ്യാനത്തിലും സാമൂഹ്യവിമർശനത്തിലും സാഹിത്യാപഗ്രഥനത്തിലുമൊക്കെയാണ് താൽപര്യമുണ്ടായിരുന്നത്.അത് പഴയ അളവിൽ നിലനിർത്തുന്നത് അപ്രസക്തമായി കഴിഞ്ഞു എന്നാണ് തോന്നൽ.പിന്നെ, പാർട്ടിഘടന,നേതാക്കൾക്കിടയിലെ അഭിപ്രായഭിന്നതകൾ തുടങ്ങിയ സംഗതികളിലൊന്നിലും എന്നെപ്പോലൊരാൾ താൽപര്യമെടുക്കേണ്ട കാര്യവുമില്ല.
എനിക്ക് വളരെ വിചിത്രമായി തോന്നിയ ഒരു കാര്യം മാർക്‌സിസ്റ്റ് പാർട്ടിയെ ഞാൻ വിമർശിച്ചതോടെ എന്നോട് കടുത്ത എതിർപ്പ് പ്രകടിപ്പിച്ചു തുടങ്ങിയത് കോൺഗ്രസ്സുകാരും ബി.ജെ.പി കാരുമൊക്കെയാണ് എന്നതാണ്.ഒരാൾ സി.പി.എം ന്റെ ശത്രവായി കഴിഞ്ഞു എന്ന ധാരണ പരന്നു കഴിഞ്ഞാൽ മറ്റ് രാഷ്ട്രീയക്കാർ അയാളുടെ എല്ലാ ബൗദ്ധികസർഗാത്മക വ്യവഹാരങ്ങളെയും ഓരത്തേക്ക് തള്ളിമാറ്റാനാണ് ശ്രമിക്കുക.കക്ഷിരാഷ്ട്രീയത്തിനും, കക്ഷികൾ യോജിച്ചും വിയോജിച്ചുമൊക്കെ നിലനിർത്തു ന്ന രാഷ്ട്രീയം എന്ന വ്യവഹാരത്തിനു തന്നെയും അയാൾ എതിരായിരിക്കുന്നു,അതുകൊണ്ട് അയാൾ ഇനി ജനങ്ങളുടെ ശ്രദ്ധയിൽ വരും വിധം അഭിപ്രായം പറയുന്നത് ഇല്ലാതാക്കണം എന്ന ദൃഢനിശ്ചയത്തിൽ എല്ലാ രാഷ്ട്രീയക്കാരും യോജിക്കുമെന്നും ഇക്കാര്യത്തിൽ മാർക്‌സിസ്റ്റുകാരേക്കാൾ കൂടുതൽ നിർബന്ധ ബുദ്ധി കാണിക്കുക മറ്റ് പാർട്ടിക്കാരാണ് എന്നുമാണ് സ്വാനുഭവത്തിൽ നിന്ന് ഞാൻ മനസ്സിലാക്കിയിട്ടുള്ളത്.ഇക്കാര്യം പരസ്യമായി പ്രസ്താവിക്കേണ്ടതുണ്ട് എന്ന് തോന്നിയതു കൊണ്ടു മാത്രമാണ് ഇത്രയും എഴുതിയത്.ഒരരാഷ്ട്രീയക്കാരനാവുന്നതിൽ ഇപ്പോഴും എനിക്ക് താൽപര്യം തോന്നുന്നില്ലെങ്കിലും ദൈനംദിന രാഷ്ട്രീയകാര്യങ്ങൾ സൂക്ഷ്മമായി ശ്രദ്ധിക്കുകയും സുഹൃത്തുക്കളുമായി അഭിപ്രായം പങ്കുവെക്കുകയും ചെയ്യുന്നതു പോലും അനാവശ്യമാണെന്ന തോന്നലിലാണ് ഇപ്പോൾ ഞാൻ എത്തിച്ചേർന്നിട്ടുള്ളത്.എന്റെ ലോകം എഴുത്തിന്റെയും വായനയുടെയും നാനാതരം മനുഷ്യരുമായുള്ള സൗഹൃദത്തിന്റെതുമാണ്.യാത്രകൾ നന്നേ കുറഞ്ഞതു കാരണം സൗഹൃദത്തിന്റെ ലോകം ഈയിടെയായി വളരെ ചെറുതായി തീർന്നിട്ടുണ്ട്.എങ്കിലും ഞാൻ മനസ്സുകൊണ്ട് ബന്ധപ്പെടുന്നവരുടെ എണ്ണം കൂടിക്കൊണ്ടിരിക്കയാണ്.അൽപം ക്ലേശിച്ചിട്ടാണെങ്കിലും എഴുത്തും വായനയും ഉത്സാഹപൂർവം തുടരുന്നുമുണ്ട്.ഇത്രയുമൊക്കെ മതി എനിക്ക്.
2/4/2015

Wednesday, April 1, 2015

നിരൂപണം ഇല്ലാതാവുമ്പോൾ

മലയാളത്തിലെ ശ്രദ്ധേയമായ ആനുകാലികങ്ങളിലെല്ലാം കൂടി ഇരുന്നൂറിലധികം കഥകളും അഞ്ഞൂറിലധികം (ചെറുമാസികകൾ കൂടി ചേർത്താൽ എണ്ണം വളരെ വർധിക്കും) കവിതകളും അച്ചടിച്ചു വരുന്നുണ്ട്.നൂറോളം വരുന്ന പ്രസാധകർ ആയിരത്തിലധികം പുസ്തകങ്ങൾ പ്രസിദ്ധീകരിക്കുന്നുമുണ്ട്.ഇവയിൽ ഒന്നിനെ കുറിച്ചും ഒന്നും പറയാനില്ലെങ്കിൽ അതിന്റെ അർത്ഥമെന്താണ്?പുതിയ കാലത്ത് നിരൂപകശ്രദ്ധ അർഹിക്കുന്ന കൃതികൾ ഒന്നും തന്നെ ഉണ്ടാവുന്നില്ല എന്നോ,അതോ പുതിയ സാഹിത്യത്തിന് നിരൂപകരുടെ ആവശ്യമേ ഇല്ല എന്നോ.രണ്ടാമത് പറഞ്ഞതാണ് ശരി എന്ന് പുതിയ കഥാകൃത്തുകളും കവികളും പറയുമായിരിക്കും.പക്ഷേ,നിരൂപകർ പൊതുശ്രദ്ധയിലേക്ക് കൊണ്ടുവരാത്ത പക്ഷം പല പ്രധാനപ്പെട്ട രചനകളും വിപുലമായി വായിക്കപ്പെടാതെയും ചർച്ച ചെയ്യപ്പെടാതെയും പോകും എന്ന ഗുരുതരമായ പ്രശ്‌നമുണ്ട്.അത് ഭാഷക്കും സാഹിത്യത്തിനും ഭീമമായ നഷ്ടം വരുത്തിവെക്കും. വായനാസമൂഹം വളരെ ഗൗരവപൂർണമായി കാണേണ്ടുന്ന പ്രശ്‌നമാണിത്.സാഹിത്യത്തിൽ കൃതികളെ കുറിച്ച് ആധികാരികമായി അഭിപ്രായം പറയാൻ പ്രത്യേകമായ അവകാശമുള്ള യോഗ്യന്മാർ ചിലരുണ്ട് എന്നു കരുതി കാത്തുനിൽക്കാതെ വായനക്കാർ അവർക്ക് കിട്ടുന്ന എല്ലാ വേദികളിലും പുതിയ കൃതികളെ കുറിച്ച് സംസാരിച്ചു തുടങ്ങിയാൽ നിരുപകർക്ക് പിന്നാലെ വരേണ്ടി വരും.
1/4/2015

പുതുകവിതയെ കുറിച്ചുള്ള പല വിചാരങ്ങളിൽ ഒന്ന്

കടന്നു പോകുന്ന നിമിഷങ്ങളെ,മാഞ്ഞുപോകുന്ന കാഴ്ചകളെ,വന്നു മായുന്ന വിചാരങ്ങളെ അപ്പപ്പോൾ കവിതയിലേക്ക് കൊണ്ടുവരുന്നതിൽ പുതുകവികൾ കാണിക്കുന്ന ഉത്സാഹത്തിൽ പങ്കുചേരാൻ ഞാനും ശ്രമിക്കാറുണ്ട്.താൽക്കാലിക വിജയം ഉറപ്പാണ്.പക്ഷേ,മനസ്സിൽ ദിവസങ്ങളോളം തങ്ങിനിൽക്കുന്ന ഒരു വികാരവും/വിചാരവും അവശേഷിപ്പിക്കാതെ മറവിയിലേക്ക് ചായുന്നു അവയിൽ ഒട്ടുമിക്കതും എന്നത് പലപ്പോഴും ഉള്ളിൽ നിരാശയുടെ ഇരുൾ പരത്തുന്നു.ഇത് കവിതയെ കുറിച്ച് പണ്ടേ ഉള്ളിൽ ഉറച്ചുപോയ ധാരണകളുടെ വാശിപിടുത്തം കൊണ്ടാണെന്ന് സ്വയം കുറ്റപ്പെടുത്താറുണ്ട്.പക്ഷേ,അവിടെ അവസാനിപ്പിക്കുന്നത് ശരിയല്ലെന്നാണ് തോന്നുന്നത്.ഏത് അനുഭവത്തെയും ഒരേ ലാഘവബുദ്ധിയോടെ സ്വീകരിക്കാൻ പ്രേരിപ്പിക്കുകയും നിർബന്ധിക്കുകയുമൊക്കെ ചെയ്യുന്ന പുതിയ ലോകാവസ്ഥയുടെ പക്ഷത്ത് ഉത്സാഹപൂർവം ചേർന്നു നിൽക്കുന്നതിലപ്പുറം ഈ കവികൾ എന്താണ് ചെയ്യുന്നത്.?അവർ ആവിഷ്‌ക്കരിക്കുന്ന ഏറ്റവും കടുത്ത വിഹ്വലതകൾ പോലും ഈ ഉത്സാഹത്തിന്റെ നിഴലിൽ പെട്ടു പോകുന്നു.ഇത് കുറ്റമോ കുറവോ ആയി ചൂണ്ടിക്കാണിക്കുകയല്ല;വെറും വസ്തുതാ കഥനം മാത്രം.
1/4/2015