Pages

Sunday, November 1, 2015

അൽപം രാഷ്ട്രീയ വിചാരം

ഓരോ രാഷ്ട്രീയപ്പാർട്ടിക്കും ഓരോ പൊതുപ്രശ്‌നത്തെ കുറിച്ചും അതാതിന്റെതായ നിലപാടുണ്ട്;രാഷ്ട്രത്തിന്റെ ഭാവിയെ കുറിച്ച് വ്യത്യസ്തമായ സങ്കൽപമുണ്ട്.പക്ഷേ,ജനങ്ങൾ അതൊന്നും കാര്യമായി കണക്കിലെടുക്കുന്നതായി കാണുന്നില്ല.പത്തിരുപത്തഞ്ച് കൊല്ലം മുമ്പ് തോന്നിയതും മാതൃഭൂമി വാരാന്തപ്പതിപ്പിൽ ഒരു ചെറുലേഖനമായി എഴുതിയതുമായ കാര്യം ആവർത്തിക്കാം.രാഷ്ട്രീയത്തിന് കേരളത്തിൽ ഹിന്ദുമതത്തിലെ ജാതിയുടെ സ്വഭാവമാണുള്ളത്.ഒരു ജാതിയിൽ ജനിച്ച ആൾ മരിക്കും വരെ ആ ജാതിയിൽ തന്നെ.രാഷ്ട്രീയവും അതുപോലെയാണ്.അച്ഛൻ കമ്യൂണിസ്റ്റാണെങ്കിൽ മകനും മകളും കമ്യൂണിസ്റ്റ്.അച്ഛൻ കോൺഗ്രസ്സുകാരനെങ്കിൽ മകനും മകളും കോൺഗ്രസ്.പൊതുവെ അതാണ് സ്ഥിതി.( ഇപ്പോഴും പല തലങ്ങളിലും പുരുഷാധിപത്യം നിലനിൽക്കുന്ന സമൂഹമായതുകൊണ്ട് അമ്മയുടെ രാഷ്ട്രീയത്തിന് വലിയ പരിഗണന കിട്ടാറില്ല.)നന്നേ കുറച്ചു പേരുടെ കാര്യത്തിലേ മാറ്റം വരാറുള്ളൂ.
ദൈനംദിന ജീവിതത്തിൽ ആളുകൾ സ്വന്തം ജാതിയെ പറ്റിയോ മറ്റുള്ളവരുടെ ജാതിയെ പറ്റിയോ കാര്യമായി ആലോചിക്കാറില്ല.ആചാരാനുഷ്ഠാനങ്ങൾ,കുടുംബത്തിനകത്തെ ചില ചടങ്ങുകൾ,സർക്കാറിൽ നിന്ന് കിട്ടേണ്ട ആനുകൂല്യങ്ങൾ  തുടങ്ങിയവയുടെ സന്ദർഭങ്ങളിലേ ജാതിചിന്ത കടന്നു വരികയുള്ളൂ.അതും ഗൗരവത്തിലുള്ള ആലോചന എന്നു പറയാനില്ല.ആ പ്രത്യേക സന്ദർഭം കടന്നുപോകുന്നതോടെ ജാതിവിചാരവും കടന്നുപോകും.രാഷ്ട്രീയത്തിന്റെ കാര്യം അങ്ങനെയാണെന്ന് പറയാനാവില്ല.ഒരു വ്യക്തിയുടെ ആലോചനയിൽ രാഷ്ട്രീയം ഇടം നേടുന്ന സന്ദർഭങ്ങൾ പലതാണ്.പക്ഷേ,രാഷ്ട്രീയം പ്രത്യയശാസ്ത്രപരമായ ആഭിമുഖ്യത്തിന്റെ തലത്തിലൊന്നുമല്ല,  മിക്കവാറും ജാതിബന്ധം പോലെ തന്നെയാണ് പ്രവർത്തിക്കുന്നത്.അതുകൊണ്ടാണ് താൻ കൂറ് പ്രഖ്യാപിച്ചിട്ടുള്ള പാർട്ടി എന്ത് തെറ്റ് ചെയ്താലും യാതൊരു ചാഞ്ചല്യവുമില്ലാതെ ആളുകൾ അതിനോടു തന്നെ ഒട്ടിച്ചേർന്നു നിൽക്കുന്നത്.ഒരു പാർട്ടിയോട് നേരത്തെ രൂപപ്പെട്ട വിരോധം  മരണം വരെ യാതൊരു മാറ്റവുമില്ലാതെ തുടരുന്നതും അതുകൊണ്ടു തന്നെ.ഈ സ്ഥിതി മാറുകയും പാർട്ടിബന്ധമെന്നതിന് പാർട്ടിയോടുള്ള  വിധേയത്വം എന്ന അർത്ഥം ഇല്ലാതാവുകയും യഥാർത്ഥമായ രാഷ്ട്രീയ ബോധത്തിലേക്കും നിലപാടുകളിലേക്കും ജനങ്ങൾ  ഉണരുകയും ചെയ്യുമ്പോൾ മാത്രമേ രാഷ്ട്രീയം  എന്ന വ്യവഹാരം അഭിമാനകരമായ ഉയരത്തിൽ എത്തിച്ചേരുകയുള്ളൂ.അപ്പോഴേ അത് സർഗാത്മകമാവുകയുള്ളൂ.   1/11/2015
 

No comments:

Post a Comment