Pages

Saturday, April 2, 2016

ബാബു ഭരദ്വാജ്


ബാബു ഭരദ്വാജുമായുള്ള എന്റെ പരിചയത്തിന് നാലര പതിറ്റാണ്ടിലേറെ പഴക്കമുണ്ട്.ആദ്യഘട്ടത്തിൽ അത് കേവലം പരിചയമായിരുന്നില്ല ;ഊഷ്മളമായ ഹൃദയബന്ധം തന്നെയായിരുന്നു.പിന്നെപ്പിന്നെ  എന്നെ എന്റെയും ബാബു ഭരദ്വാജിനെ അദ്ദേഹത്തിന്റെയും ജീവിതത്തിരക്കുകൾ രണ്ട് വഴിക്ക് വലിച്ചു കൊണ്ടുപോയി.വല്ലപ്പോഴും ട്രെയിൻ യാത്രക്കിടയിലോ മറ്റോ അവിചാരിതമായി കണ്ടുമുട്ടുമ്പോഴുള്ള ഓർമ പുതുക്കലും വിശേഷങ്ങൾ കൈമാറലും മാത്രമായി ഞങ്ങളുടെ ബന്ധം ചുരുങ്ങി.
ഒരു സാദാ എസ്.എഫ്.ഐ മെമ്പർക്ക് എസ്.എഫ്.ഐയുടെ അഖിലേന്ത്യാ നേതാവുമായി ഉണ്ടാകാനിടയുള്ള ബന്ധമല്ല പത്തുനാല്പത്തഞ്ച് കൊല്ലം മൂമ്പ് ബാബുവുമായി എനിക്കുണ്ടായിരുന്നത്.വൈയക്തികപ്രശ്‌നങ്ങളും രാഷ്ട്രീയ സംശയങ്ങളുമെല്ലാം ഞങ്ങൾ പൂർണമായ പരസ്പര വിശ്വാസത്തോടെ ചർച്ച ചെയ്തിരുന്നു.;വായനാനുഭവങ്ങൾ ആവേശപൂർവം പങ്കുവെച്ചിരുന്നു.അതേ തലത്തിൽ ഞങ്ങളുടെ ബന്ധം മുന്നോട്ടുപോയിരുന്നെങ്കിൽ ഒരുവേള അത് ഞങ്ങളുടെ രണ്ടുപേരുടെയും സർഗാത്മകജീവിതത്തെ ഒരുപാട് സഹായിച്ചേക്കാമായിരുന്നു.അത് സംഭവിച്ചില്ല.ഇപ്പോൾ അതേ കുറിച്ച് ഓർക്കുന്നതിൽ കാര്യമില്ലെന്നറിഞ്ഞു കൊണ്ടു തന്നെയാണ് മനസ്സ് ആ വഴിക്ക് പോയത്.
ബാബുഭരദ്വാജിനെ ഞാൻ ആദ്യം ശ്രദ്ധിക്കുന്നത് മാതൃഭൂമി ബാലപംക്തിയിൽ വളരെ വ്യത്യസ്തമായ കവിതകൾ എഴുതുന്ന ആളെന്ന നിലയ്ക്കാണ്.നേരിട്ട് പരിചയപ്പെടുന്നത് 1970ന്റെ തുടക്കത്തിൽ എപ്പോഴോ ആണെന്നു തോന്നുന്നു.ആയിടെ ദേശാഭിമാനി സ്റ്റഡി സർക്കിൾ കോഴിക്കോട് ടൗൺഹാളിൽ നടത്തിയ കവിസമ്മേളനത്തിൽ വെച്ചും  മറ്റു ചില സൗഹൃദകൂട്ടായ്മകളിൽ വെച്ചും ബാബുവിനെ കാണാനും സാമാന്യം വിസ്തരിച്ചു തന്നെ സാഹിത്യകാര്യങ്ങൾ സംസാരിക്കാനും അവസരമുണ്ടായി.ഹാർബർ എഞ്ചിനിയറിംഗ് ഡിപാർട്‌മെന്റിൽ എഞ്ചിനിയറായി ബാബു അഴീക്കോട് ജോലി ചെയ്യുമ്പോഴും ഞങ്ങൾ തമ്മിൽ കാണുകയും ആശയവിനിമയം ചെയ്യുകയും ചെയ്തിരുന്നു.
ഇടതുപക്ഷ രാഷ്ട്രീയത്തിന്റെ സാഹസികമായ മുന്നേറ്റങ്ങൾ അക്കാലത്തെ പ്രേക്ഷകസമൂഹത്തെ മുഴുവൻ പിടിച്ചുലക്കും വിധത്തിൽ ആവിഷ്‌ക്കരിച്ച  'ഇനിയും മരിച്ചിട്ടില്ലാത്ത നമ്മൾ' എന്ന സിനിമയുടെ നിർമാതാവാണ് ബാബു ഭരദ്വാജ്.തികച്ചും പ്രതികൂലവും ആപൽക്കരവുമായ സാഹചര്യങ്ങളിൽ നിർവഹിക്കപ്പെടുന്ന രാഷ്ട്രീയപ്രവർത്തനങ്ങളുടെയും വ്യക്തികളിൽ അവ സൃഷ്ടിക്കുന്ന വൈകാരികാഘാതങ്ങളുടെയും ആവിഷ്‌കാരത്തിലുള്ള അഭിനിവേശമാവാം ആ സിനിമ നിർമിക്കുന്നതിലേക്ക് ബാബുവിനെ എത്തിച്ചത്.ആ അഭിനിവേശം തന്നെ വ്യത്യസ്തമായ ചേരുവകളിൽ പ്രത്യക്ഷപ്പെടുന്നവയാണ് അദ്ദേഹത്തിന്റെ നോവലുകളും കഥകളും പ്രവാസജീവിതത്തിന്റയും യാത്രയുടെയും അനുഭവാവിഷ്‌ക്കാരങ്ങളും.ഏതനുഭവത്തെയും ചരിത്രത്തിന്റെയും മനുഷ്യവംശത്തിന്റെയാകെ ആത്മവേദനകളുടെയും പശ്ചാത്തലത്തിലാണ് ബാബു അവതരിപ്പിച്ചത്.അദ്ദേഹത്തിന്റെ നോവലുകളിലും കഥകളിലും  തികച്ചും പ്രാദേശികമായ അനുഭവങ്ങൾക്കു പോലും വ്യത്യസ്തമായൊരു മാനം കൈവരുന്നത്  അതിലൂടെയാണ്.മുഖ്യധാരാ കമ്യൂണിസ്റ്റ് പാരട്ടികളുടെ നയങ്ങളെയും നടപടികളെയും നിർദ്ദയം വിമർശിച്ചിരുന്നു ബാബുഭരദ്വാജിലെ രാഷ്ട്രീയ നിരീക്ഷകൻ.അപ്പോഴും പക്ഷേ, മാർക്‌സിസ്റ്റ് ദർശനത്തെ തങ്ങളുടെ ആന്തരികജീവിതത്തിന്റെ ആധാരമാക്കി ,സ്ഥാനമാനങ്ങളിൽ അണുപോലും ഭ്രമം പുലർത്താതെ പാർട്ടി പ്രവർത്തനവും ജനസേവനവും നിർവഹിച്ചിരുന്ന പഴയകാലത്തെ ചില മാതൃകാ കമ്യൂണിസ്റ്റുനേതാക്കൾക്കു മാത്രം സ്വായത്തമാക്കാൻ കഴിഞ്ഞിരുന്ന വിശാലമായ മാനവികതാബോധത്തോടെയാണ് ബാബു തന്റെ കഥാപാത്രങ്ങളുടെ ജീവിതത്തെ സമീപിച്ചിരുന്നത്.അത്തരത്തിലുള്ള ജീവിത ചിത്രീകരണങ്ങളുടെ സൗന്ദര്യവും പ്രാധാന്യവും മനസ്സിലാക്കാനാവുന്ന ഉയരം നമ്മുടെ ഭാവുകത്വത്തിന് ഇപ്പോഴും വലിയൊരളവോളം അന്യം തന്നെയാണ്.
31/3/16

No comments:

Post a Comment