Pages

Friday, August 26, 2016

ചിറകുള്ള രത്‌നങ്ങൾ

കൊളക്കാട് സാന്തോം ഹയർസെക്കന്ററി സ്‌കൂളിലെ മലയാളം അധ്യാപകൻ രഞ്ജിത് മാർക്കോസ് മൂന്ന് പതിറ്റാണ്ട് മുമ്പ് ബ്രണ്ണൻ കോളേജിൽ എന്റെ വിദ്യാർത്ഥിയായിരുന്നു. അധ്യാപക വിദ്യാർത്ഥി ബന്ധത്തിന്റെ അതിരുകൾ നാമമാത്രമായി നിലനിൽക്കുന്ന നല്ല സൗഹൃദമാണ് ഞങ്ങളുടെത്.കൊട്ടിയൂരേക്കും ആറളം ഫാമിലേക്കുമെല്ലാം ഈ സുഹൃത്ത് വളരെ ഉത്സാഹപൂർവം എന്നെ അനുഗമിച്ചിട്ടുണ്ട്.അതിപരിചിതമായ ഒരു വാക്ക് ഉപയോഗിച്ചുപോയി എന്നതിനപ്പുറം 'അനുഗമിച്ചു' എന്നതിൽ അർത്ഥമൊന്നുമില്ല.രഞ്ജിത്തിന്റെ കൂട്ട് നൽകിയ സന്തോഷവുമായി ഞാൻ അവിടെയൊക്കെ പോയി എന്നതാണ് സത്യം.
 എന്റെ കുടകുയാത്രയിലും നേരത്തെ രണ്ടു തവണ കൂടെ ഉണ്ടായിരുന്നു രഞ്ജിത്ത്.ഈ കഴിഞ്ഞ മെയ് 19ന് വീണ്ടും ഞങ്ങൾ കുടകിലേക്ക് പോയി. ഇലക്ഷൻ കഴിഞ്ഞ് വോട്ടെണ്ണൽ നടക്കുന്ന ദിവസമായിരുന്നു അത്. രാവിലെ എട്ടരയോടെ ഞങ്ങൾ ഇരിട്ടിയിൽ വെച്ച് സന്ധിച്ചു. രഞ്ജിത് കാറെടുത്താണ് വന്നത്.എങ്ങോട്ട് വേണമെങ്കിലും പോകാം,എത്ര നേരം വേണമെങ്കിലും ഓടിക്കാം എന്ന മൂഡിലായിരുന്നു എന്റെ വിദ്യാർത്ഥി സുഹൃത്ത്.ആ ഉത്സാഹം സ്വാഭാവികമായും എന്നിലേക്കും പടർന്നു.ഇരിട്ടിയിൽ നിന്ന് കുറച്ചു ദൂരം ഓടി വഴിയരികിലെ ഒരു ഹോട്ടലിൽ ചായ കുടിച്ചുകൊണ്ടിരിക്കെ വോട്ടെണ്ണൽ വാർത്തകൾ വന്നുതുടങ്ങി..ഞങ്ങൾ കൂട്ടുപുഴ പിന്നിടുമ്പോഴേക്കും ട്രെന്റ് ഇടതുപക്ഷത്തിന് ഏറെ അനുകൂലമാണെന്ന വിവരം കിട്ടി.
ചുരം കയറി പെരുമ്പാടിയിലെത്തിയപ്പോൾ ഞങ്ങൾ ഇടത്തോട്ടുള്ള റോഡിലേക്ക് തിരിഞ്ഞു.പിന്നെ പെഗ്ഗള,കൊതമുള്ളൂർ, കരട വഴി ചെയ്യണ്ടന വരെ പോയി തിരിച്ച് കടങ്ക,കല്ലുമൊട്ട,ഫോർത്ത് മൈൽ,കദനൂർ വഴി വീരാജ് പേട്ടയിലെത്തി.വഴിയിൽ വെച്ച് കണ്ടുമുട്ടിയ തുളുനാട്ടുകാരനും കരടയ്ക്ക് അടുത്ത് ഒരു എസ്റ്റേറ്റിലെ ജോലിക്കാരനുമായ ശേഷപ്പയും ഞങ്ങളോടൊപ്പമുണ്ടായിരുന്നു.പേട്ടയിൽ വലിയ അസൗകര്യം തോന്നാത്ത ഒരിടത്ത് കാറ് നിർത്തിയിട്ട് ഞങ്ങൾ ഭേദപ്പെട്ട ഒരു ഹോട്ടലിൽ കയറി വിസ്തരിച്ച് ഊണ് കഴിച്ചു. അത്യന്തം രുചികരമായ ഒന്നാന്തരമൊരു പച്ചക്കറിയൂണ്.
പിന്നെ ഞങ്ങൾ ഡോ.നരസിംഹനെ കാണാൻ പോയി.വീരാജ് പേട്ട ടൗണിലെ ജെയിൻ സ്ട്രീറ്റിൽ നിന്ന് അര കിലോമീറ്ററോളം താഴോട്ട് പോയാൽ ഡോക്ടറുടെ വീട്ടിലെത്തും.പേട്ടയിൽ കുറേ വർഷങ്ങളായി പ്രാക്ടീസ് ചെയ്യുന്നയാളാണ് ഡോ.എസ്.വി.നരസിംഹൻ.ആ നിലക്ക് ഇന്നാട്ടിലെ വളരെയേറെ പേർക്ക് സുപരിചിതനാണ് അദ്ദേഹം.കാൽനൂറ്റാണ്ടോളമായി അദ്ദേഹം കാർഡിൽ ചിത്രങ്ങൾ വരച്ച് ആയിരക്കണക്കിന് ആളുകൾക്ക് അയച്ചുകൊടുത്ത് പ്രകൃതി സംരക്ഷണ സന്ദേശം പ്രചരിപ്പിച്ചുകൊണ്ടിരിക്കയാണ്.കുടകിലെ പക്ഷികളെ കുറിച്ച് ഡോക്ടർ എഴുതിയ പുസ്തകമാണ് ' Feathered Jewels of Coorg'.
ഈ പുസ്തകത്തിന്റെ ഒരു കോപ്പി ആവശ്യപ്പെട്ട് ഞാൻ കുറച്ചു ദിവസം മുമ്പ് ഡോ.നരസിംഹന് മെയിൽ ചെയ്തിരുന്നു.ഞങ്ങൾ വീട്ടിലെത്തി സ്വയം പരിചയപ്പെടുത്തിയപ്പോൾ ഡോക്ടർ വളരെ സന്തോഷത്തോടെ പറഞ്ഞു: ' ഇന്നലെയാണ് ഞാൻ മർക്കാറയിൽ പോയി പുസ്തകം വാങ്ങിക്കൊണ്ടുവന്നത്.എന്റെ കയ്യിൽ ഒരു കോപ്പി പോലും ബാക്കിയുണ്ടായിരുന്നില്ല.നിങ്ങൾക്ക് അടുത്ത ദിവസം തന്നെ പുസ്തകം അയക്കാമെന്ന് വിചാരിക്കയായിരുന്നു.ഇന്നിപ്പോൾ  ഇങ്ങോട്ടു വന്നതിൽ വളരെ സന്തോഷം.'ഡോ.നരസിംഹൻ പുസ്തകത്തിന്റെ കോപ്പി ഒപ്പിട്ടു തന്നു.എത്ര നിർബന്ധിച്ചിട്ടും അതിന്റെ വില വാങ്ങാൻ അദ്ദേഹം തയ്യാറായില്ല.കാപ്പിയും മധുര പലഹാരവും കഴിച്ച് അല്പനേരം കുടകുവിശേഷങ്ങൾ പറഞ്ഞാണ് ഞങ്ങൾ പിരിഞ്ഞത്.
ഡോ.നരസിംഹൻ നാട്യങ്ങളില്ലാത്ത പ്രകൃതിസ്‌നേഹിയാണ്.1983 മുതൽ അദ്ദേഹം  പ്രകൃതിസംരക്ഷണത്തിന്റെ സന്ദേശം താൻ തന്നെ വരച്ചയക്കുന്ന ചിത്രങ്ങളിലൂടെ പ്രചരിപ്പിക്കാൻ തുടങ്ങിയതാണ്.ആദ്യവർഷം 120 കാർഡയച്ച ഡോക്ടർ 2012 ജൂൺ ആവുമ്പോഴേക്കും 55,320 കാർഡുകൾ അയച്ചു. ഈ അപൂർവ സംഭാവനയുടെ പേരിൽ 2013 ൽ അദ്ദേഹം ലിംകാബുക് ഓഫ് റിക്കാർഡ്‌സിൽ ഇടം നേടി. ആ വർഷം തന്നെ കുടകിലെ ആദ്യത്തെ ന്യൂസ്‌പോർട്ടലായ www.coorgtourisminfo.com  ഡോ.നരസിംഹനെ  'Coorg Person of the Year' ആയി തിരഞ്ഞെടുത്തു.
1982ൽ വളരെ യാദൃച്ഛികമായാണ് പ്രകൃതിസംരക്ഷണ സന്ദേശം  ചിത്രക്കാർഡുകളിലൂടെ ജനങ്ങളിലെത്തിക്കാമെന്ന ആശയം ഡോ.നരസിംഹന്റെ മനസ്സിലെത്തിയത്. ആ വർഷത്തെ ലോകവന്യജീവിവാരാചരണത്തിന്റെ ഭാഗമായി നാട്ടുകാരായ ചിലർക്കു വേണ്ടി അദ്ദേഹം ഏതാനും കാർഡുകളിൽ ചിത്രം വരച്ചു നൽകി.ആ ചിത്രങ്ങൾ വളരെ പെട്ടെന്ന് ജനങ്ങളുടെയും ചില പ്രാദേശികമാധ്യമങ്ങളുടെയുംശ്രദ്ധ പിടിച്ചുപറ്റി. അവിചാരിതമായി അത്രയും ജനപ്രീതിയും അംഗീകാരവും ലഭിച്ചതിൽ നിന്നുണ്ടായ ആവേശവും ആത്മവിശ്വാസവും ആ വഴിയിൽ തുടരാൻ അദ്ദേഹത്തിന് കരുത്തേകി.ആയിരക്കണക്കിന് കാർഡുകളിൽ മൃഗങ്ങൾക്കും പക്ഷികൾക്കും ചിത്രശലഭങ്ങൾക്കും പെൻസിൽ,ബാൾപോയിന്റ് പെൻ, സ്‌കെച്ച് പെൻ എന്നിവ ഉപോയഗിച്ച് വരച്ചോ വാട്ടർകളറിൽ പെയിന്റ് ചെയ്‌തോ ജന്മം നൽകി ഏതാനും വാക്കുകളിൽ പരിസ്ഥിതിയെയും ജീവജാലങ്ങളെയും സ്‌നേഹിക്കാനും സംരക്ഷിക്കാനും പ്രേരണ നൽകുന്ന ശക്തമായ സന്ദേശങ്ങൾ ചുവടെ എഴുതിച്ചേർത്ത് അയച്ചുകൊടുക്കലായി അതിന്റെ ഫലം.
പക്ഷിനിരീക്ഷണത്തിനു പുറമെ ഫോട്ടോഗ്രാഫിയിലും ജ്യോതിശ്ശാസ്ത്രത്തിലും കംപ്യൂട്ടർ സാങ്കേതിക വിദ്യയിലും നല്ല താൽപര്യമുള്ളയാളാണ് ഡോക്ടർ.
'കൂർഗ് വൈൽഡ് ലൈഫ് സൊസൈറ്റി'യാണ് ഡോ.നരസിംഹന്റെ 'Feathered Jewels of Coorg' പ്രസിദ്ധീകരിച്ചിരിക്കുന്നത്.2004 ൽ ഒന്നാം പതിപ്പ്.2008ൽ പരിഷ്‌കരിച്ച രണ്ടാം പതിപ്പ്.കുടകിൽ കാണപ്പെടുന്ന 310 ഇനം പക്ഷികളെ കുറിച്ച് കന്നടത്തിലും ഇംഗ്ലീഷിലുമുള്ള ലഘുവിവരണവും പക്ഷികളുടെ മനോഹരമായ ചിത്രങ്ങളുമാണ് പുസ്തകത്തിന്റെ ഉള്ളടക്കം. ഗ്രന്ഥകാരൻ തന്നെ പക്ഷികളുടെ വർണചിത്രങ്ങൾ  അത്യാകർഷകാം വിധം വരച്ചുവെച്ചിരിക്കുന്നു എന്നതു തന്നെയാണ് പുസ്തകത്തെ ഏറെ കൗതുകകരമാക്കി തീർക്കുന്നത്.ഡോക്ടർ നരസിംഹനെ നേരിൽ കണ്ട് അദ്ദേഹത്തിന്റെ കയ്യിൽ നിന്ന് പുസ്തകം ഒപ്പിട്ടു വാങ്ങാൻ കഴിഞ്ഞത് എന്റെ കുടകുയാത്രയിലെ അവിസ്മരണീയമായ അനുഭവങ്ങളിലൊന്നാണ്.
കുടകിൽ നിന്ന് തിരിച്ചുള്ള യാത്രയിൽ കാറ് ചുരമിറങ്ങിക്കൊണ്ടിരിക്കെ  ഗൃഹാതുരതയും നഷ്ടബോധവും കൂടിക്കലർന്നതും പേരിടാനാവാത്തതുമായ ഒരു വികാരം എന്നെ കീഴടക്കി. നിത്യവും ചെയ്യുന്ന ഡോക്ടറുടെ ജോലിക്കപ്പുറത്ത് മറ്റ് താൽപര്യങ്ങളും കഴിവുകളും തനിക്കുണ്ടെന്ന് കണ്ടെത്തുകയും അവയിൽ മുന്നിട്ടു നിൽക്കുന്നതിനെ പിൻപറ്റി കഴിഞ്ഞ മൂന്നര പതിറ്റാണ്ടോളമായി പ്രവർത്തിച്ചു വരികയും ചെയ്യുന്നയാളാണ് ഡോ.എസ്.വി.നരസിംഹൻ.പ്രകൃതിയെ സ്‌നേഹിക്കുക,സംരക്ഷിക്കുക എന്ന ആശയത്തിന് അദ്ദേഹം തന്റെതായ രീതിയിൽ ആവിഷ്‌കാരം നൽകുന്നു.അത് ഏറ്റവും കൂടുതൽ ആളുകളിൽ എത്തിക്കുന്നതിനുള്ള  ലളിതവും മനോഹരവുമായ മാർഗം അവലംബിക്കുന്നു.വിശേഷിച്ചൊന്നും ഭാവിക്കാതെ അറുപത് പിന്നിട്ടതിന്റെ ലക്ഷണങ്ങൾ പ്രകടമാവാത്ത ശരീരവും മനസ്സുമായി തന്റെ കർമമണ്ഡലങ്ങളിൽ തുടരുന്നു.ആവേശത്തോടും ആത്മവിശ്വാസത്തോടുമൊപ്പം മനസ്സിന്റെ തികഞ്ഞ സന്തുലിതത്വം സമ്മാനിക്കുന്ന സാന്ദ്രമായ ശാന്തതയും ആരോഗ്യകരമായ ഒരു തരം നിസ്സംഗതയും അദ്ദേഹത്തിന്റെ വ്യക്തിത്വത്തിന്റെ ഭാഗമാണെന്ന് എനിക്ക് തോന്നി.ഇങ്ങനെയുള്ള മനുഷ്യർ എന്റെ കുട്ടിക്കാലത്ത് അതായത് അരനൂറ്റാണ്ടിനും മുമ്പ് ഇന്നത്തേതിനേക്കാൾ വളരെ കൂടുതലായിരുന്നുവെന്നു തോന്നുന്നു.അവരുടെ വംശം സമ്പൂർണനാശത്തിന്റെ വക്കിലെത്തിയോ എന്ന് ചിലപ്പോഴൊക്കെ സംശയിച്ചു പോവാറുണ്ട്.അങ്ങനെ ചിന്തിക്കുന്നത് ഒട്ടും നല്ലതല്ലെന്നു മാത്രമല്ല ശരിയുമല്ല.
അസാധാരണമായ ഉൾക്കരുത്തോടും സമർപ്പണബുദ്ധിയോടും കൂടി ഒട്ടും പ്രകടനപരതയില്ലാതെ സമൂഹത്തെ നാനാതരത്തിൽ സഹായിച്ചുകൊണ്ടിരിക്കുന്ന പലരും ഇന്നുമുണ്ട്. പ്രശസ്തിയുടെ പ്രകാശമണ്ഡലത്തിലേക്ക് വരാൻ അൽപവും താൽപര്യവുമില്ലാത്തവരാണ് അവരിൽ പലരും.അത്തരക്കാരുടെ പ്രവൃത്തികളെ താൽപര്യപൂർവം നിരീക്ഷിക്കുന്നതിലും അവയുടെ വിശദാംശങ്ങൾ മനസ്സിൽ കുറിച്ചിടുന്നതിലും ഇത്രയും നാൾ ഞാൻ കാണിച്ച താൽപര്യം  കുറഞ്ഞ അളവിലായിപ്പോയി. വളരെ വ്യത്യസ്തവും മൗലികവുമായ ഒരു രീതി കണ്ടെത്തി തങ്ങളുടെ അസ്തിത്വത്തിന് സാധാരണഗതിയിൽ കൈവരുന്നതിനേക്കാൾ പല മടങ്ങ് കൂടുതൽ അർത്ഥം നൽകുന്ന  മനുഷ്യരെ വല്ലപ്പോഴുമൊക്കെ കണ്ടുമുട്ടി ആശയവിനിമയം നടത്തുമ്പോഴാണ് അക്കാര്യം പ്രത്യേകമായി ഓർമിക്കുന്നത്.ആത്മാനുരാഗവും അഹങ്കാരവും സാധ്യമാവുന്നതിൽ അഭിമാനിക്കത്തക്കതായി ഒന്നുമില്ല. അവനവനെ ശരിയാം വണ്ണം കണ്ടെത്തലും വ്യക്തിഗതമായ നേട്ടങ്ങളിൽ മനസ്സ് വെക്കാതെ ആത്മവിശ്വാസപൂർവം ഏകാഗ്രതയോടെ മുന്നോട്ടു പോകലും വേറിട്ട സംഗതികളാണ്.   



No comments:

Post a Comment